'സ്വന്തം പണം മുടക്കി വേണം പരീക്ഷണം നടത്താന്‍, അല്ലാതെ ഞങ്ങളുടേതല്ല'; പൃഥ്വിരാജിനെതിരേ രണം നിര്‍മാതാവ്

റഹ്മാന്‍ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് താഴെയാണ് ബിജു വിമര്‍ശനവുമായി രംഗത്തെത്തിയത്
'സ്വന്തം പണം മുടക്കി വേണം പരീക്ഷണം നടത്താന്‍, അല്ലാതെ ഞങ്ങളുടേതല്ല'; പൃഥ്വിരാജിനെതിരേ രണം നിര്‍മാതാവ്

ണം പരാജയമാണെന്ന് പൊതുവേദിയില്‍ തുറന്നു സമ്മതിച്ച പൃഥ്വിരാജിനെതിരേ വിമര്‍ശനം രൂക്ഷമാകുന്നു. നടന്‍ റഹ്മാന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണാണ് രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷണ ചിത്രമായിരുന്നെങ്കില്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി സിനിമ ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

റഹ്മാന്‍ കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് താഴെയാണ് ബിജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചിത്രം ഗംഭീരമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ പ്രേക്ഷക പ്രതികരണം ശരാശരിയാണെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസനെ ടാഗ് ചെയ്ത്‌കൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടിയായിട്ടാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.

ശരിയാണ് ഈ ചിത്രം പരീക്ഷണമായിരുന്നുവെങ്കില്‍  അദ്ദേഹം സ്വന്തം പണം മുടക്കി സിനിമ നിര്‍മിക്കണമായിരുന്നു. അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടത്. സിനിമയ്ക്ക് ശരാശരി പ്രതികരണമാണ് .പക്ഷേ സിനിമ തീയേറ്ററുകളില്‍ ഓടികൊണ്ടിരിക്കുമ്പോള്‍ അദേഹം ഒരു പൊതു വേദിയില്‍ ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു ബിജു പറഞ്ഞു. ബിജു ലോസണിന്റെ ലോസണ്‍ എന്റര്‍ടെയിന്‍മെന്റും  ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഞ്ജിലി മേനോന്‍ ചിത്രം കൂടെയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് പൃഥ്വിരാജ് രണം പരാജയമാണെന്ന് പറഞ്ഞത്. കൂടെ പോലുള്ള സിനിമകള്‍ വിജയിക്കുകയും രണം പോലുള്ള സിനിമകള്‍ വിജയിക്കാതിരിക്കുകയും ചെയ്യും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്നാലും താന്‍ പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുമെന്നും താരം വ്യക്തമാക്കി. ഇതിന് പിന്നാലെ പൃഥ്വിരാജിന് മറുപടിയുമായി റഹ്മാന്‍ എത്തിയത്. തന്റെ കുഞ്ഞനുജനായാലും രണത്തെ തള്ളിപ്പറഞ്ഞാല്‍ തനിക്ക് നോവുമെന്നായിരുന്നു ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com