ഐഎഫ്എഫ്‌കെയില്‍ വീണ്ടും അനിശ്ചിതത്വം; സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താന്‍ സാധിക്കില്ല, ഒരുകോടി രൂപയെങ്കിലും തരണമെന്ന് എ.കെ ബാലന്‍

അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിപ്പില്‍ വീണ്ടും അനിശ്ചിതത്വം. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്താന്‍ സാധിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു
ഐഎഫ്എഫ്‌കെയില്‍ വീണ്ടും അനിശ്ചിതത്വം; സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താന്‍ സാധിക്കില്ല, ഒരുകോടി രൂപയെങ്കിലും തരണമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിപ്പില്‍ വീണ്ടും അനിശ്ചിതത്വം. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്താന്‍ സാധിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ചെലവ് ചുരുക്കിയാലും മൂന്നുകോടി രൂപ വേണ്ടിവരും. രണ്ടുകോടി ചലച്ചിത്ര അക്കാദമി കണ്ടെത്തും. പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപയെങ്കിലും വേണം. മേള നടത്തിപ്പിന്റെ കാര്യത്തില്‍ വ്യക്തത വേണം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ചെലവ് ചുരുക്കി ചലച്ചിത്ര മേള നടത്താന്‍ ചലച്ചിത്ര അക്കാദമി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ മേള നടത്താനാണ് അനുമതി നല്‍കിയത്. മേള സംഘടിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി പണം കണ്ടെത്തണമെന്നാണ് നിര്‍ദേശം. പ്രളയശേഷം നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഐഎഫ്എഫ്‌കെ, സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങി സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പുറത്തിറങ്ങിയ പൊതുഭരണവകുപ്പിന്റെ ഉത്തരവിന് എതിരെ മന്ത്രിസഭാഗംങ്ങള്‍ തന്നെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കലോത്സവം മൂന്നുദിവസമായി ചുരുക്കി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചലച്ചിത്ര മേളയും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

6കോടിരൂപയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഐഎഫ്എഫ്‌കെ നടത്താനായി അനുവദിച്ചത്. ഇത്തവണ മൂന്നുകോടി രൂപയ്ക്ക് മേള നടത്താമെന്ന് ചലച്ചിത്ര അക്കാദമി ബദല്‍ നിര്‍ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുക,ഡെലിഗേറ്റ് ഫീസ് കൂട്ടുക, മറ്റ് സ്‌പോണ്‍സര്‍മാരില്‍ നിന്ന് പണം കണ്ടെത്തുക, രാജ്യാന്തര ജ്യൂറികളെ ഒഴിവാക്കുക,മേളയിലെ ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളാണ് അക്കാദമി മുന്നോട്ടുവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com