സീരിയൽ  നടി നിലാനിയെ കാണാനില്ല; മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്; തിരോധാനം ദുരൂഹം

മുൻ കാമുകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച സീരിയല്‍ നടി നിലാനിയെ കാണാനില്ല
സീരിയൽ  നടി നിലാനിയെ കാണാനില്ല; മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്; തിരോധാനം ദുരൂഹം

ചെന്നൈ: മുൻ കാമുകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച സീരിയല്‍ നടി നിലാനിയെ കാണാനില്ല. ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടിയെ ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് കാണാതായത്. സീരിയല്‍ താരത്തെ കണ്ടെത്താനായി പൊലീസ് സംഘം അന്വേഷണം തുടരുകയാണ്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ നടിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

മുന്‍ കാമുകന്‍ ഗാന്ധി ലളിത് കുമാര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നിലാനി വിവാദത്തില്‍പ്പെട്ടത്. കുമാറിനെതിരെ നിലാനി പൊലീസില്‍ പരാതി നല്‍കിയതിന് പിറ്റേ ദിവസമാണ് ഇയാള്‍ ജീവനൊടുക്കിയത്. മൂന്ന് വർഷതത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ ലളിത് കുമാറിന്റെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു നിലാനിയുടെ വാദം. തന്നെ ഉപദ്രവിച്ചതിനാണ് പരാതി നല്‍കിയതെന്നും നിലാനി വിശദീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു.

തന്റെ ഭാഗം വിശദീകരിക്കാനായി മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിനുതൊട്ടുമുമ്പാണ് കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കീടനാശിനി കുടിച്ച് അബോധാവസ്ഥയിലായ നടിയെ പിന്നീട് റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തു. 

എന്നാല്‍ കഴിഞ്ഞ  ദിവസം ആശുപത്രിയില്‍  നിന്ന് ഡിസ്ചാര്‍ജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷമായത്. നിലാനിയെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടനിലയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാം സ്വിച്ച്ഓഫായിരുന്നു. അയല്‍വാസികളെയും നാട്ടുകാരെയും പൊലീസ് ചോദ്യംചെയ്‌തെങ്കിലും നടി എങ്ങോട്ടുപോയെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. നിലാനിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് പ്രദേശവാസികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com