രാജ്യസഭയിലേക്ക് യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഎം

യെച്ചൂരി മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും, കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഎമ്മിന്റെ നിലപാട്
രാജ്യസഭയിലേക്ക് യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഎം

ന്യൂഡല്‍ഹി: മൂന്നാം തവണ രാജ്യസഭയിലേക്കെത്തുന്നതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ആഗസ്റ്റിലാണ് യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. 

എന്നാല്‍ യെച്ചൂരി മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും, കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ട്ടി അംഗത്തെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന പാര്‍ട്ടി കീഴ് വഴക്കവും സിപിഎം ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നയാള്‍ പാര്‍ലമെന്റ് അംഗത്വത്തിന് വേണ്ടി മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം പിന്തുടരുന്നത്. ഇതും യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. എന്നാല്‍  പാര്‍ട്ടി കീഴ് വഴക്കം മറികടന്നാണെങ്കിലും യെച്ചൂരി പാര്‍ലമെന്റില്‍ തുടരണമെന്ന നിലപാടാണ് സിപിഎം ബംഗാള്‍ ഘടകത്തിനുള്ളത്.

ഏപ്രില്‍ അഞ്ചിന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യസഭയിലേക്ക് വീണ്ടുമെത്തുന്നതിന് യെച്ചൂരിക്ക് രാഹുല്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നതായാണ് സൂചന. യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

യെച്ചൂരിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നതെന്നും സിപിഎമ്മിന്റെ മറ്റ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പാര്‍ലമെന്റില്‍ യെച്ചൂരിയുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് യെച്ചൂരിക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണ തള്ളുകയാണെങ്കില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുകയും ഈ സീറ്റ് ത്രിണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com