പശുവിനും 'ആധാര്‍': നടപടി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജ്യത്തെ 8.8 കോടി പശുക്കള്‍ക്കും പോത്തുകള്‍ക്കും ആധാര്‍ മാതൃകയില്‍ പ്രത്യേക നമ്പര്‍ നല്‍കാനാണ് തീരുമാനം -  12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ ആണ് പശുക്കള്‍ക്കും പോത്തുകള്‍ക്കും നല്‍കുക
പശുവിനും 'ആധാര്‍': നടപടി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കള്‍ക്ക് അധാറിന് സമാനമായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഗോ സുരക്ഷയ്ക്കും കന്നുകാലി കടത്തുതടയുന്നതിന്റെയും ഭാഗമായാണ് നടപടി. പശുക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയവും കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറിയും ഉള്‍പ്പെട്ട പ്രത്യേക കമ്മറ്റിയും രൂപികരിച്ചിരുന്നു.

രാജ്യത്തെ 8.8 കോടി പശുക്കള്‍ക്കും പോത്തുകള്‍ക്കും ആധാര്‍ മാതൃകയില്‍ പ്രത്യേക നമ്പര്‍ നല്‍കാനാണ് തീരുമാനം. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ ആണ് പശുക്കള്‍ക്കും പോത്തുകള്‍ക്കും നല്‍കുക. ഇതിനായി ഒരു ലക്ഷം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കായി അര ലക്ഷത്തിലേറെ ടാബ്‌ലറ്റുകളും നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുഐഡി നമ്പര്‍ അടങ്ങിയ കനം കുറഞ്ഞ മഞ്ഞ പോളിത്തീന്‍ ടാഗ് പശുക്കളുടെയും പോത്തുകളുടെയും കാതില്‍ അണിയിക്കുകയാണ് ഈ ജീവനക്കാരുടെ ദൗത്യം. ഇതിലൂടെ പശുക്കളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി ഉടമകള്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കും. പശുക്കളുടെ വിവരങ്ങള്‍ ഡാറ്റാ ബാങ്കില്‍ ചേര്‍്ക്കുക ഈ ജീവനക്കാരുടെ ജോലിയാണ്.

കൃത്യസമയത്ത് കുത്തിവെപ്പ് നടത്താനും, ആരോഗ്യം  ഉറപ്പാക്കാനും, പാല്‍ ഉത്പാദനം കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പുതിയ പദ്ധതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാടന്‍ പശു ഇനങ്ങള്‍ക്കും ടാഗ് നല്‍കുന്നുണ്ട്. 148 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയത്. ഈ വര്‍ഷം തന്നെ സംസ്ഥാനങ്ങളില്‍ ഇക്കാര്യം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ സര്‍ക്കാര്‍ ആധാറിന് സമാനമായ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചെങ്കിലും വിമര്‍ശനങ്ങളെ തുടര്‍ന്ന് താത്കാലികമായി മാറ്റിവെക്കുകയായിരുന്നു. ഇത് കൂടാതെ ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കാന്‍ ജില്ലകളില്‍ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. 500ല്‍ അധികം പശുക്കളെ സംരക്ഷിക്കുന്ന രീതിയിലായിരിക്കും ഗോശാലയകള്‍ നിര്‍മ്മിക്കുക. കൂടാതെ 
കറവ വറ്റിയ പശുക്കള്‍ക്ക് പ്രത്യേക സംരക്ഷണമൊരുക്കാനും പ്രായമായ പശുക്കളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com