ഐഎസില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഘര്‍ വാപസി; പദ്ധതിയുമായി യോഗി ആദിത്യനാഥ്‌

തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാക്കളുടെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും, മതപുരോഹിതന്മാരുടേയും സഹായത്തോടെയാണ് ഘര്‍ വാപസി നടപ്പാക്കുന്നത്
ഐഎസില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഘര്‍ വാപസി; പദ്ധതിയുമായി യോഗി ആദിത്യനാഥ്‌

ലഖ്‌നൗ: ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദി ഗ്രൂപ്പുകളിലേക്ക്‌ ചേക്കേറിയ യുവാക്കളെ തിരികെ കൊണ്ടുവരുന്നതിനായി ഘര്‍ വാപസി പദ്ധതിയുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യുപിയിലെ തീവ്രവാദ വിരുദ്ധ സേനയാണ് ഘര്‍ വാപസി പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊറാസന്‍ ഘടകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയുടെ നീക്കം. രാജ്യത്ത് വലിയ ആക്രമണത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്.  

നിലവില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട 12 യുവാക്കളെ ഘര്‍ വാപസിയിലൂടെ മനംമാറ്റി സാധാരണ നിലയിലേക്ക് കൊണ്ടുവന്നതായി യുപി തീവ്രവാദ വിരുദ്ധ സേന തലവന്‍ അസീം അരുണ്‍ അവകാശപ്പെടുന്നു. തീവ്രവാദ സംഘടനകളോട് ബന്ധം പുലര്‍ത്തുന്ന യുപിയിലെ നൂറിലധികം യുവാക്കള്‍ നിരീക്ഷണത്തിലാണ്. 

തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാക്കളുടെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും, മതപുരോഹിതന്മാരുടേയും സഹായത്തോടെയാണ് ഘര്‍ വാപസി നടപ്പാക്കുന്നത്. തീവ്രവാദ ബന്ധം വിട്ടുവരുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസവും ജോലിയും നല്‍കും.ഒരു വര്‍ഷത്തോളം ഇവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കും. ഇതിന് ശേഷമായിരിക്കും ഇവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ജോലിയും നല്‍കുക. 

ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക് യുപിയില്‍ നിന്നും പോകുന്ന യുവാക്കളുടെ എണ്ണം കൂടുന്നതായാണ് തീവ്രവാദ വിരുദ്ധ സേനയുടെ വിലയിരുത്തല്‍. യുപിയിലെ മുസ്ലീം ജനസംഖ്യയിലുണ്ടായ വര്‍ധനവും, തൊഴിലില്ലായ്മയും, വര്‍ഗീയ പ്രശ്‌നങ്ങളുമെല്ലാം തീവ്രവാദ സംഘടനകളിലേക്ക് യുവാക്കള്‍ പോകുന്നതിന് കാരണമാകുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com