മനുഷ്യര്‍ക്ക് ഇല്ലെങ്കിലും, ഛത്തീസ്ഗഡിലെ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഒരുക്കുന്നു

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലായിരിക്കും ആദ്യം പശുക്കള്‍ക്കായി ആംബുലന്‍സ് സൗകര്യം ഒരുക്കുക
മനുഷ്യര്‍ക്ക് ഇല്ലെങ്കിലും, ഛത്തീസ്ഗഡിലെ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഒരുക്കുന്നു

അപകടം പറ്റിയും, രോഗത്തില്‍ വലഞ്ഞ് നില്‍ക്കുന്നവര്‍ക്കും, ഉറ്റവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും വേണ്ട ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് കഴിയുന്നില്ലെങ്കിലും പശുക്കള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍. 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങാണ് പശുക്കള്‍ക്കായി ആംബുലന്‍സ് സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലായിരിക്കും ആദ്യം പശുക്കള്‍ക്കായി ആംബുലന്‍സ് സൗകര്യം ഒരുക്കുക. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുക്കളുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പിന്നാലെയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം പ്രഖ്യാപിച്ചിരിക്കുന്നത്. പണ്ഡിറ്റ് രവിശങ്കര്‍ സര്‍വകലാശാലയില്‍ പശു സംരക്ഷണത്തിനുള്ള കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 

ഉത്തര്‍പ്രദേശ് സര്‍ക്കാരും നേരത്തെ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെ ഒരു ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കുന്നു. പശുവില്‍ അധിഷ്ടിതമായ ഒരു സമ്പദ് വ്യവസ്ഥയ്ക്കായി എല്ലാവരും ശ്രമിക്കണമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു. ഛത്തീസ്ഗഡില്‍ ആരെങ്കിലും പശുക്കളെ കൊലപ്പെടുത്തിയാല്‍ അവരെ തൂക്കിക്കൊല്ലുമെന്ന് രമണ്‍ സിങ് ഈ വര്‍ഷം ഏപ്രിലില്‍ പറഞ്ഞത് വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com