ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സീതാറാം യെച്ചൂരി. മോഹന്‍ ഭാഗവതാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും സീതാറാം

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ മോഹന്‍ ഭാഗവതാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആര്‍എസ്എസ് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആശയപരമായി മേല്‍കൈ നേടാന്‍ കഴിയാത്തതിനാലാണ് ആര്‍എസ്എസ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോബേറ് നടത്തുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ ആക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയായാണെന്നും യെച്ചൂരി പറഞ്ഞു
 

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ബിജെപി എംപിമാരും ഇടതു എംപിമാരും തമ്മില്‍ ലോക്‌സഭയില്‍ വാക്കേറ്റമുണ്ടായിരുന്നു. പിണറായി വിജയന്റെ നാട്ടിലാണ് കൊലപാതകങ്ങള്‍ കൂടതലെന്നായിരുന്നു ബിജെപി എംപിമാരുടെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് സഭയില്‍ ഉന്നയിച്ചതിന് സിപിഎം അംഗങ്ങളും പ്രതിഷേധിച്ചിരുന്നു.

അതേസമയം കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ പ്രചാരണയുധമാക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യെച്ചൂരി വ്യക്തമാക്കിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് 17 മാസത്തിനിടെ 17 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി എംപിമാര്‍ ലോക്‌സഭയില്‍ പറഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com