വിമാനത്താവളത്തില്‍ ഗഡ്കരിയുടെ സ്റ്റാഫെന്ന് പറഞ്ഞ് പറ്റിച്ചു; പിന്നാലെ ഗഡ്കരി എത്തിയതോടെ എട്ടിന്റെ പണിയായി

ഭാര്യയുമൊരുമിച്ച് വിമാനത്താവളത്തില്‍ വിഐപി പരിഗണന ലഭിച്ചെങ്കിലും എട്ടിന്റെ പണിയായിരുന്നു ഇയാള്‍ക്ക് പിന്നാലെ വന്നത്
വിമാനത്താവളത്തില്‍ ഗഡ്കരിയുടെ സ്റ്റാഫെന്ന് പറഞ്ഞ് പറ്റിച്ചു; പിന്നാലെ ഗഡ്കരി എത്തിയതോടെ എട്ടിന്റെ പണിയായി

നാഗ്പൂര്‍: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ സ്റ്റാഫാണെന്ന് പറഞ്ഞായിരുന്നു ഒരു വിരുതന്‍ വിമാനത്തിന്റെ ഫ്രണ്ട് റോയില്‍ സീറ്റ് പിടിച്ചത്. ഭാര്യയുമൊരുമിച്ച് വിമാനത്താവളത്തില്‍ വിഐപി പരിഗണന ലഭിച്ചെങ്കിലും എട്ടിന്റെ പണിയായിരുന്നു ഇയാള്‍ക്ക് പിന്നാലെ വന്നത്. 

ഭാര്യയുമൊരുമിച്ച് ജെസസ് വാംങ്കടയെന്ന വ്യാജ ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെ വിഐപി വിശ്രമമുറിയിലേക്ക് പോയതിന് പിന്നാലെ, പാര്‍ലമെന്റ് സമ്മേളനത്തിനായി പുറപ്പെടുന്നതിനായി നിതിന്‍ ഗഡ്കരി വിമാനത്താവളത്തിലെത്തി. ഈ സമയം ഗഡ്കരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഇവിടെയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ ഗഡ്കരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡിനെ അറിയിച്ചു. 

എന്നാല്‍ ഇങ്ങനെയൊരാളെ അറിയില്ലെന്ന് ഗഡ്കരിയുടെ പേഴ്‌സണല്‍ അസ്സിസ്റ്റന്‍ഡ് പറഞ്ഞതോടെ വിമാനത്താവള അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. തുടര്‍ന്ന്‌ വാംങ്കടെ തന്റെ തെറ്റ് സമ്മതിച്ചു. വിമാനത്താവള അധികൃതര്‍ ഇയാളേയും ഭാര്യയേയും മുംബൈയിലേക്കുള്ള യാത്രയില്‍ നിന്നും തടഞ്ഞില്ല. എന്നാല്‍ മുംബൈയില്‍ നിന്നം തിരിച്ച് നാഗ്പൂരിലെത്തുമ്പോള്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. 

വിമാനത്താവളങ്ങളില്‍ വിഐപി പരിഗണന ലഭിച്ചാല്‍ ചെക്ക് ഇന്‍ കൗണ്ടര്‍, ക്യൂ എന്നിവിടങ്ങളില്‍ പ്രത്യേക പരിഗണന ലഭിക്കും. ഇതായിരുന്നിരിക്കാം ഇയാളുടെ ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ മറ്റെന്തെങ്കിലും ലക്ഷ്യം ഇയാള്‍ക്കുണ്ടായിരുന്നുവോ എന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ജൂലൈ 31ന് ആയിരുന്നു സംഭവം. സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഗഡ്കരിയുടെ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞതോടെ ക്യൂവില്‍ നില്‍ക്കാതെ ഇയാള്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടിയിരുന്നു. ഈ സമയം ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ ഡല്‍ഹിയിലേക്ക് പോകാനാണ് ഗഡ്കരിയും വിമാനത്താവളത്തില്‍ എത്തിയത്. 

ഇതുമായി ബന്ധപ്പെട്ട് നാഗ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക രേഖകളോ, ലെറ്റര്‍ഹെഡോ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് ഗഡ്കരിയുടെ ഓഫീസ് പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com