കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിവു ജീവിതം കഴിഞ്ഞ് ഗുജറാത്തില്‍ തിരിച്ചെത്തി

ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്നാണ് കോണ്‍ഗ്രസ് എംഎഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റി പാര്‍പ്പിച്ചത്
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിവു ജീവിതം കഴിഞ്ഞ് ഗുജറാത്തില്‍ തിരിച്ചെത്തി

അഹമ്മദാബാദ്: ബംഗളൂരുവിലെ പത്തു ദിവസത്തെ ഒളിവു ജീവിതത്തിന് ശേഷം ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍  അഹമ്മദാബാദിലേക്ക് തിരിച്ചെത്തി. ബെംഗളൂരുവിലെ ബിഡദി ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന എംഎല്‍എമാര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് തിരിച്ചത്.പുലര്‍ച്ചെ 4.45ഓടെ എംഎല്‍എമാര്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തി.തുടര്‍ന്ന് സ്വകാര്യ ബസില്‍ ബൊര്‍സാദ്അനന്ദ് ഹൈവേയിലെ നിജനാട് റിസോര്‍ട്ടിലെത്തിച്ചു. 

ഇതിനിടയില്‍ യന്ത്രത്തകരാറു കാരണം ബസ് വഴിയില്‍ നിന്നുപോയത് എംഎല്‍എമാരില്‍ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് പൊലീസുകാര്‍ ചേര്‍ന്ന് തള്ളിയാണ് ബസ് എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര പുനരാരംഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം നിരവധി പൊലീസുകാരും 95 സായുധ സേനാംഗങ്ങളും എംഎല്‍എമാരെ റിസോട്ടിലെത്തിക്കുന്നതിന് അകമ്പടിയായി പോയി.

ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് എംഎല്‍എ.മാര്‍ ഗുജറാത്തിലേക്ക് മടങ്ങിയത്. ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്നാണ് കോണ്‍ഗ്രസ് എംഎഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഗുജറാത്ത് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയതാണ് കോണ്‍ഗ്രസിനെ ഇത്തരത്തിലൊരു നീക്കത്തില്‍ കൊണ്ടെത്തിച്ചത്.ജൂലൈ 29നായിരുന്നു ഇവരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com