മേധാ പട്കറെ സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കി

മേധാ പട്കറെ കൂടാതെ അഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേധാ പട്കറെ സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കി

മധ്യപ്രദേശ്: സര്‍ദാര്‍ സരോവര്‍ ഡാമിനെതിരെ നിരാഹാരസമരം നടത്തുന്ന നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നര്‍മ്മദാ തീരത്തെ ജനങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവുമുപേക്ഷിച്ച് മാറണം എന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെയാണ് മേധാ പട്കറുടെ സമരം. സമരം തുടങ്ങി 12ാം ദിവസം ആരോഗ്യനില മോശമായെന്ന് കാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

മേധാ പട്കറെ കൂടാതെ അഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേധയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീ പ്രക്ഷോഭകരെ പുരുഷ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇത്രയും ദിവസങ്ങളായി സമരം ചെയ്യുന്നവരുമായി സംവാദത്തിലേര്‍പ്പെടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറായില്ല, പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. 

ഇതിനെ ശക്തമായി പ്രതിഷേധിക്കുകയും സമരം തുടരുകയും ചെയ്യുമെന്നും മേധയടക്കമുള്ളവര്‍ നിരാഹാരസമരം തുടരുമെന്നും നര്‍മ്മദാ ബചാവോ ആന്ദോളന്‍ സമിതി അറിയിച്ചു. നര്‍മ്മദയ്ക്ക് വേണ്ടി മാത്രമല്ല ഈ സമരം, വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന എല്ലാത്തരം കുടിയൊഴിപ്പിക്കലിനെതിരെയാണെന്ന് മേധ പട്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com