രാജ്യം നഷ്ടപ്പെട്ടു, ഇനിയും രാജാക്കന്‍മാരെന്ന് കരുതുന്നത് മൗഢ്യം; കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ജയറാം രമേശ്

ഇപ്പോഴും അധികാരത്തിലുണ്ടെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. അക്കാലം കഴിഞ്ഞു
രാജ്യം നഷ്ടപ്പെട്ടു, ഇനിയും രാജാക്കന്‍മാരെന്ന് കരുതുന്നത് മൗഢ്യം; കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ജയറാം രമേശ്

കൊച്ചി: കോണ്‍ഗ്രസ് കടുത്ത അസ്തിത്വ പ്രതിസന്ധിയിലെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പഴയരീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനംകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല.  നരേന്ദ്രമോദിയും അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കൂട്ടായ ശ്രം ഉണ്ടാകണം,പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

മോദിയും ഷായുമാണ് നമ്മുടെ എതിരാളികള്‍. കണ്ടുപരിചയിച്ച രാഷ്ട്രീയപ്രവര്‍ത്തനരീതിയോ തന്ത്രങ്ങളോ അല്ല അവരുടേത്. അതനുസരിച്ച് മാറിയില്ലെങ്കില്‍ നമ്മള്‍ അപ്രസക്തരാകും. ഇന്ത്യ മാറിക്കഴിഞ്ഞു. പഴയ മുദ്രാവാക്യങ്ങളോ സമവാക്യങ്ങളോ മന്ത്രങ്ങളോ ഫലിക്കില്ല. അതനുസരിച്ച് കോണ്‍ഗ്രസും മാറണം.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലപ്പോഴും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. 1996 മുതല്‍ 2004 വരെ അധികാരത്തിന് പുറത്തായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി. പക്ഷേ, ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത് അത്തരം പ്രതിസന്ധിയല്ല, അസ്തിത്വ പ്രശ്‌നമാണ്. ആഴത്തിലുള്ളൊരു പ്രതിസന്ധിയാണിത്.' 

രാജ്യം നഷ്ടപ്പെട്ടു,ഇനിയും രാജാക്കന്‍മാരാണെന്ന് കരുതുന്നത് മൗഢ്യമാണ്.ഇപ്പോഴും അധികാരത്തിലുണ്ടെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. അക്കാലം കഴിഞ്ഞു, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലും ജനങ്ങളോടുള്ള ഇടപെടലിലുമെല്ലാം മാറ്റംവേണം, അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്തി മാത്രം അധികാരത്തില്‍ വരാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കുകഴിയുമെന്ന ചോദ്യത്തിന്, കൂട്ടായ ശ്രമംകൊണ്ടുമാത്രമേ അതു കഴിയൂവെന്നാണ് ജയറാം രമേശ് മറുപടി നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com