രാത്രി പുറത്തിറങ്ങണമോ എന്ന് ഞാന്‍ തീരുമാനിക്കും; ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി വര്‍ണിക

സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് ജന്മാവകാശമാണെന്ന് കരുതി ജീവിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് തന്റെ ലക്ഷ്യം
രാത്രി പുറത്തിറങ്ങണമോ എന്ന് ഞാന്‍ തീരുമാനിക്കും; ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി വര്‍ണിക

ഛണ്ഡീഗഡ്: ഞാന്‍ എന്തിനാണ് ഒളിക്കുന്നത് ? ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകനും സുഹൃത്തും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് വര്‍ണിക എന്ന പെണ്‍കുട്ടി ഈ ചോദ്യം ഉന്നയിക്കുന്നത്. ഞാന്‍ കുറ്റക്കാരനല്ല, ഇരയാണ്, പിന്നെ ഞാനെന്തിന് ഒളിക്കണം?

ഞാന്‍ എന്തു ചെയ്യണം എന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട. സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് ജന്മാവകാശമാണെന്ന് കരുതി ജീവിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് എന്റെ ലക്ഷ്യം. ഞാന്‍ എന്താണ് രാത്രി ചെയ്യാന്‍ പോകുന്നത് എന്ന് ചോദിക്കുന്നത് എന്തിനാണ്? തന്നെ തടഞ്ഞ് നിര്‍ത്തിയവരോടും ചോദിക്കേണ്ടത് അതേ ചോദ്യമാണ്. രാത്രി അവരെന്താണ് ചെയ്യാന്‍ പോകുന്നതെന്ന്.

ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരുമ്പോളും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി മുന്നോട്ട് വന്ന് പ്രതികരിക്കാന്‍ ഇവിടെ പെണ്‍കുട്ടികള്‍ തയ്യാറാകാതിരിക്കുമ്പോഴാണ് ഉന്നതരായ വ്യക്തികള്‍ക്കെതിരെ ശക്തമായി വര്‍ണിക പ്രതികരിക്കുന്നത്.

25 മിനിറ്റോളമായിരുന്നു ആര്‍ദ്ധരാത്രിയില്‍ ആര്‍ജെ ആയ വര്‍ണിക കുണ്ഡുവിനെ ഛണ്ഡീഗഡിലെ ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറലയുടെ മകന്‍ വികാസ് ഭറളയും സുഹൃത്തും ചേര്‍ന്ന് തടഞ്ഞുവെച്ചത്. എന്നാല്‍ പൊലീസ് എത്തിയതിന് ശേഷം ഈ രണ്ട് യുവാക്കളും തന്നോട് ക്ഷമ യാചിക്കുകയായിരുന്നുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ വര്‍ണിക പറയുന്നു. 

എന്നാല്‍ പരാതി നല്‍കി മുന്നോട്ടു പോകാനായിരുന്നു തന്റെ തീരുമാനം. എനിക്ക് നീതി ലഭിക്കാന്‍ വേണ്ടിയല്ല സമ്മര്‍ദങ്ങളെ അതിജീവിച്ച് താന്‍ പരാതിയുമായി മുന്നോട്ടു പോകുന്നത്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണത്. ഇനിമുതല്‍ ഇതേ രീതിയില്‍ പെരുമാറുന്നതിന് മുന്‍പ് പുരുഷന്മാര്‍ക്ക് ഒന്നുകൂടി ചിന്തിക്കേണ്ടതായി വരണമെന്നും വര്‍ണിക പറയുന്നു. 

സംഭവം വിവാദമായതോടെ വര്‍ണികയുടെ ജീവിത രീതിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടി ഉള്‍പ്പെടെയുള്ള ബിജെപിക്കാര്‍ രംഗത്തെത്തി. രാത്രി വൈകി പുറത്തിറങ്ങുന്നതെന്തിനെന്ന ചോദ്യമാണ് രാംവീര്‍ ഭട്ടി ഉന്നയിച്ചത്. എന്നാല്‍ രാംവീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തന്റെ പ്രസ്താവന പിന്‍വലിച്ചു. 

എന്നാല്‍ മോശമായ രീതിയില്‍ വര്‍ണികയെ അധിക്ഷേപിക്കുന്ന നിലപാടാണ് ബിജെപി സമൂഹമാധ്യമങ്ങളില്‍ സ്വീകരിക്കുന്നത്. രണ്ട് യുവാക്കള്‍ക്കൊപ്പം നില്‍ക്കുന്ന വര്‍ണികയുടെ ചിത്രമാണ് ബിജെപിയുടെ വക്താവ് ഷൈന ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് ആരോപണ വിധേയനായ വികാസ് ഭരളയാണെന്നാണ് അവര്‍ പറയുന്നത്.

കയ്യില്‍ മദ്യവുമായി നില്‍ക്കുന്ന വര്‍ണികയുടെ ചിത്രമാണ് മറ്റൊരു ബിജെപി നേതാവ് പുറത്ത് വിട്ടത്. എന്നാല്‍ വര്‍ണികയുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഛണ്ഡീഗഡ് പൊലീസ് തയ്യാറായിട്ടില്ല. കാറില്‍ വര്‍ണികയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. എന്നാല്‍ എഫ്‌ഐആറില്‍ തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com