താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമോ; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ദേശീയ വിവരാവകാശ കമ്മീഷന്‍

താജ്മഹല്‍ ഷാജഹാന്‍ പണികഴിപ്പിച്ചതാണോ അതല്ലെങ്കില്‍ രജപുത്രരാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ
താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമോ; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ദേശീയ വിവരാവകാശ കമ്മീഷന്‍

ന്യുഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി പണിത താജ്മഹലിനെപ്പറ്റി പുതിയ വിവാദങ്ങള്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നുകേള്‍ക്കുകയാണ്. താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് വിവരാവകാശ കമ്മീഷന്‍. 

താജ്മഹല്‍ ഷാജഹാന്‍ പണികഴിപ്പിച്ചതാണോ അതല്ലെങ്കില്‍ രജപുത്രരാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ എന്ന സംശയങ്ങള്‍ ദൂരീകരിച്ചു നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലത്തോട് നിര്‍ദേശിച്ചു. 

ബികെഎസ്ആര്‍ അയ്യങ്കാര്‍ വിവരാവകാശ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് വിവരാവകാശ കമ്മീഷന് വിഷയത്തില്‍ ഇടപെടേണ്ടി വന്നത്. ആഗ്രയിലെ സൗധം താജ്മഹലാണോ അതോ തേജോ മഹാലയ ശിവക്ഷേത്രമാണോ  എന്നായിരുന്നു അയ്യങ്കാറിന്റെ ചോദ്യം.

ഷാജഹാനല്ല പകരം രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്ന സംശങ്ങള്‍ക്ക് തെളിവ് സഹിതം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ   ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ ഇത്തരത്തിലുള്ള രേഖകളൊന്നും ലഭ്യമല്ലെന്നായിരുന്നു എഎസ്‌ഐയുടെ മറുപടി.

വിഷയത്തില്‍ അഗാധമായ ഗവേഷണവും ചരിത്രാന്വേഷണവും വേണമെന്നും അത് വിവരാവകാശത്തിന്റെ പരിധിക്കപ്പുറമാണെന്നും കാണിച്ചാണ് വിവരാവകാശ കമ്മീഷന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com