പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരെ നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് ഇരയാക്കല്‍; നിയമം എടുത്തുകളയാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

15നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റമല്ലെന്ന് പറയുന്ന നിയമം എടുത്തു കളയാനാകില്ല
പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരെ നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് ഇരയാക്കല്‍; നിയമം എടുത്തുകളയാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായം വരുന്ന പെണ്‍കുട്ടികളെ വിവാഹം കഴിച്ച് നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് ഇരയാക്കുന്നതിന് നിയമം നല്‍കുന്ന പരിരക്ഷ എടുത്ത് കളയുന്നതിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബലാത്സംഗവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ ഈ വ്യവസ്ഥ വിവാഹ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. 

15നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന് ശേഷം ഇവരെ നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് വിധേയമാക്കുന്നത് തെറ്റല്ലെന്ന് പറയുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 375(2) എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ശൈശവ വിവാഹം നിയമവിരുദ്ധവുമാണ്. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 375(2) എന്ന വകുപ്പ് ശൈശവ വിവാഹത്തിന് അനുമതി നല്‍കുന്നതാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

രാജ്യത്ത് കുട്ടികളുടെ സംരക്ഷണം ലക്ഷ്യം വെച്ച് വിവിധ നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ കുട്ടികളെ നിര്‍വചിക്കുന്നതില്‍ ഒരു ഏക രൂപം വേണമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെ വിവാഹം നടത്തുന്നതിന് പരിഗണിക്കേണ്ട പെണ്‍കുട്ടികളുടെ പ്രായപരിധി കൂട്ടുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. 

ഇന്ത്യന്‍ പീനല്‍ കോഡിലെ 375(2) സെക്ഷന്‍ എടുത്തു കളഞ്ഞാല്‍, ഈ രീതിയില്‍ വിവാഹം കഴിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ജസ്റ്റിസ് എം.ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി രാജ്യത്ത് എത്ര ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഉദ്യോഗസ്ഥരുണ്ടെന്നും, 2006ലെ ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ആക്റ്റ് പ്രകാരം എത്ര ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരാഞ്ഞു. 

23 ലക്ഷം ശൈശവ വിവാഹ കേസുകള്‍ എന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്റെ മറുപടി. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com