ഫ്‌ലാറ്റില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം: ദുരൂഹത വിട്ടുമാറുന്നില്ല

മകന്‍ ഋതുരാജ് 1997 മുതല്‍ അമേരിക്കയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയും മകനും തമ്മില്‍ ഫോണ്‍ സംഭാഷണവും ഇല്ലായിരുന്നു.
ഫ്‌ലാറ്റില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം: ദുരൂഹത വിട്ടുമാറുന്നില്ല

പുണെ: യുഎസില്‍നിന്നെത്തിയ മകന്‍ അന്ധേരി ലോഖണ്ഡ് വാലയിലെ ഫ്‌ലാറ്റില്‍ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ഹൗസിങ് സൊസൈറ്റി അധികൃതരും പൊലീസും ഉയര്‍ത്തുന്നതു വ്യത്യസ്ത വാദങ്ങള്‍. അന്ധേരിയിലെ ലോഖണ്ഡ് വാല അപാര്‍ട്ട്‌മെന്റിലെ പത്താം നിലയില്‍ ഋതുരാജിന്റെ അമ്മ ആശാ സാഹ്നിയുടെ അസ്ഥികൂടമാണ് ഞായറാഴ്ച ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. 

മകന്‍ ഋതുരാജ് 1997 മുതല്‍ അമേരിക്കയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയും മകനും തമ്മില്‍ ഫോണ്‍ സംഭാഷണവും ഇല്ലായിരുന്നു. പിന്നീട് കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ ഋതുരാജ് ഫ്‌ലാറ്റിലെത്തിയപ്പോള്‍ ഫ്‌ലാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. പുതിയ താക്കോലുണ്ടാക്കി അകത്തു കടന്നപ്പോള്‍ അകത്തെ മുറിയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

എന്നാല്‍ വാതിലില്‍ മുട്ടിയിട്ടും പലവട്ടം വിളിച്ചിട്ടും അനക്കമില്ലാതെ വന്നതിനെത്തുടര്‍ന്ന് ആറുമാസം മുന്‍പു പൊലീസിനെ വിവരം അറിയിച്ചിരുന്നതായാണു ഹൗസിങ് സൊസൈറ്റി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍, ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണു പൊലീസിന്റെ മറുപടി. 

അമ്മയെക്കുറിച്ചു വിവരം ലഭിക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി 2016 ഒക്ടോബര്‍ 24ന് ഓഷിവാര പൊലീസിന് ഓണ്‍ലൈന്‍ വഴി പരാതി സമര്‍പ്പിച്ചെന്നും പൊലീസ് അത് അവഗണിച്ചെന്നുമാണു മകന്‍ റിതുരാജ് പറയുന്നത്. 

2016 ഏപ്രിലില്‍ ആയിരുന്നു ആഷ സാഹിനി ഹൗസിങ് സൊസൈറ്റിയിലെ പ്രതിമാസത്തുക അവസാനമായി അടച്ചത്. തുക മുടങ്ങിയപ്പോള്‍ നോട്ടീസുമായി ഒരുപാട് തവണ ഫ്‌ലാറ്റില്‍ പോയിട്ടും പ്രതികരണമില്ലാതായപ്പോള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പൊലീസിനെ അറിയിച്ചതെന്നാണു സൊസൈറ്റി അധികൃതര്‍ പറയുന്നത്. മകന്‍ റിതുരാജിന്റെ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ഇമെയില്‍ വിലാസം കണ്ടെത്തി അദ്ദേഹത്തെ വിവരങ്ങള്‍ അറിയിച്ചെന്നും സൊസൈറ്റി അധികൃതര്‍ പറഞ്ഞു.

അതേസമയം, മാസങ്ങള്‍ പിന്നിട്ടിട്ടും ഇദ്ദേഹം നേരിട്ടെത്തിയോ മുംബൈയിലെ ബന്ധുക്കളോ പരിചയക്കാരോ മുഖേനയോ അമ്മയെ ബന്ധപ്പെടാന്‍ ശ്രമിക്കാത്തത് ദുരൂഹതയുണര്‍ത്തുന്നു. പത്താം നിലയിലെ ഒരു മൂലയില്‍ ഒറ്റപ്പെട്ട ഭാഗത്താണു ഫ്‌ലാറ്റ് എന്നതായിരിക്കണം നേരത്തേ സംഭവം പുറത്തറിയാതിരിക്കാന്‍ കാരണമെന്നു കരുതുന്നു.

ഫ്‌ലാറ്റ് സമുച്ചയത്തോട് ചേര്‍ന്നുള്ള മാലിന്യ ഓടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാറുണ്ട്. അത് ദുര്‍ഗന്ധം അഴുകിയതിന്റെ ഗന്ധം വേര്‍തിരിഞ്ഞ് അറിയാത്തതിന്റെ കാരണമായും പോലീസ് അനുമാനിക്കുന്നുണ്ട്. വിശദ അന്വേഷണത്തിന് അസ്ഥികൂടം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com