ബൊഫേഴ്‌സ് കേസില്‍ പുനരന്വേഷണമാകാമെന്ന് സിബിഐ

1989 ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിന് ഇടവരുത്തിയ കേസാണ് ബൊഫേഴ്‌സ് ആയുധ കച്ചവടം.
ബൊഫേഴ്‌സ് കേസില്‍ പുനരന്വേഷണമാകാമെന്ന് സിബിഐ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഏറെ വിവാദമായ ബൊഫേഴ്‌സ് കേസില്‍ പുനരന്വേഷണമാകാമെന്ന് സിബിഐ. പ്രതിരോധവുമായി ബന്ധപ്പെട്ട പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് കേസിന്റെ പുനരന്വേഷണ സാധ്യത തേടിയത്. 1989 ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിന് ഇടവരുത്തിയ കേസാണ് ബൊഫേഴ്‌സ് ആയുധ കച്ചവടം. കേസില്‍ പുനരന്വേഷണം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

കേസ് റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത്  ബിജെപി അംഗമായ അജയ് അഗര്‍വാള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഈ ആവശ്യത്തെ പിന്തുണച്ച് ഹര്‍ജി നല്‍കാമെന്ന് സി.ബി.ഐയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിയമ മന്ത്രാലയമാണ് ഇതിന് അനുമതി നല്‍കേണ്ടത്. 

1986 മാര്‍ച്ച് 24നാണ് 155 എംഎം പീരങ്കികള്‍ വാങ്ങുന്നതിനായി സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയുമായി 1700 കോടിയുടെ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടത്. ഇതിനായി ഇന്ത്യയിലെ ഭരണനേതാക്കളും ഉദ്യോഗസ്ഥരും 64 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

അഴിമതി വാര്‍ത്ത പുറത്തുവന്നത് നോര്‍വേയിലെ സ്വിസ് റേഡിയോ സ്‌റ്റേഷന്‍ വഴിയായിരുന്നു. 1990 ജനവരി 22ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 1991 മെയ് 21ന് രാജീവ് കൊല്ലപ്പെട്ടപ്പോള്‍ അന്വേഷണത്തില്‍ അയവ് വരികയായിരുന്നു. ഇത്രയും വലിയ അഴിമതിക്കേസ് നടന്നിട്ടും രാജ്യത്ത് ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല ഇതുവരെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com