നിതീഷ് കുമാര്‍ എന്‍ഡിഎ കണ്‍വീനറായേക്കും; ജെഡിയുവിന് രണ്ട് കേന്ദ്രമന്ത്രി സ്ഥാനം

രു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവുമാണ് ജെഡിയുവിന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം
നിതീഷ് കുമാര്‍ എന്‍ഡിഎ കണ്‍വീനറായേക്കും; ജെഡിയുവിന് രണ്ട് കേന്ദ്രമന്ത്രി സ്ഥാനം

ന്യുഡല്‍ഹി: മഹാസഖ്യം പിളര്‍ത്തി ബിജെപി പക്ഷത്ത് ചേക്കേറിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ കണ്‍വീനറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു കേന്ദ്രമന്ത്രി സ്ഥാനം നിതീഷിന്റെ കൂട്ടര്‍ക്ക് വാഗ്ദാനം ചെയ്ത ബിജെപി ജെഡിയുവിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തു. ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവുമാണ് ജെഡിയുവിന് വാഗ്ദാനം ചെയ്തതെന്നാണ് വിവരം. 

ബിജെപി ബന്ധത്തെച്ചൊല്ലി ഭിന്നത മൂര്‍ഛിക്കുന്നതിനിടെ ശരദ് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്തുനിന്ന് ജെഡിയു നീക്കിയിരുന്നു.ബിജെപിയുമായി ചേരാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ ശരദ് യാദവ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ഓഗസ്റ്റ് 19ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നടക്കുന്ന ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗത്തിനുശേഷം പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം നിതീഷ് കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജെഡിയുവിനെ മുന്നണിയിലേക്ക് ക്ഷണിച്ചത്. 

പട്‌നയില്‍ ജെഡിയു നിര്‍വാഹക സമിതി യോഗത്തില്‍ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച നിര്‍ദ്ദേശം നിതീഷ് കുമാര്‍ തന്നെ മുന്നോട്ടുവയ്ക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി അറിയിച്ചു.

നരേന്ദ്ര മോദിയെ എന്‍ഡിഎയുടെ പ്രധാനമനത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 2013ല്‍ 17 വര്‍ഷം നീണ്ട എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചാണ് നിതീഷ് കുമാര്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം മഹാസഖ്യം രൂപീകരിച്ചത്. എന്നാല്‍ ആര്‍ജെഡിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യം മുതലെടുത്ത് നിതീഷ് കുമാര്‍ വീണ്ടും ബിജെപി ചേരിയിലേക്ക് തന്നെ തിരികെ പോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com