ഇന്ത്യയില്‍ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചെന്ന് യുഎസ് റിപ്പോര്‍ട്ട്; നടപടിയെടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം

അക്രമത്തിന് പ്രധാനമായും ഇരയാകുന്നത് മുസ്ലീങ്ങളാണെന്നും ആക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചെന്ന് യുഎസ് റിപ്പോര്‍ട്ട്; നടപടിയെടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം

വാഷിങ്ടണ്‍: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. അക്രമത്തിന് പ്രധാനമായും ഇരയാകുന്നത് മുസ്ലീങ്ങളാണെന്നും ആക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് പറയുന്നു.

മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് പുറത്തുവിട്ടത്. ബിജെപി സര്‍ക്കാരിന് കീഴില്‍ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ ഇരകളാകുന്നവരില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളാണ്. ആള്‍ക്കൂട്ട കൊലപാതങ്ങളും ആക്രമണങ്ങളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. മുസ്ലിംങ്ങളോടൊപ്പം ക്രിസ്ത്യാനികള്‍ക്ക് നേരെയും ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും വന്‍തോതില്‍ നടക്കുന്നു. അവരുടെ സ്വത്തുക്കള്‍ വ്യാപകമായി നശിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മത പ്രചോദിത കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപം, വിവേചനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തല്‍ എന്നിവ വര്‍ധിച്ചുവെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com