കേന്ദ്ര മന്ത്രിമാരുടെ ആഡംബര ഭ്രമത്തിനെതിരെ പ്രധാനമന്ത്രി; ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വാസം വേണ്ട

ആഡംബര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള അതൃപ്തി മോദി മന്ത്രിമാരെ അറിയിച്ചു
കേന്ദ്ര മന്ത്രിമാരുടെ ആഡംബര ഭ്രമത്തിനെതിരെ പ്രധാനമന്ത്രി; ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വാസം വേണ്ട

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും, സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുകയും ചെയ്യുന്ന കേന്ദ്ര മന്ത്രിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രവണതകള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മോദി മന്ത്രിമാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സര്‍ക്കാര്‍ വകയുള്ള താമസസൗകര്യം വേണ്ടെന്ന് വെച്ച് ആഡംബര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള അതൃപ്തി മോദി മന്ത്രിമാരെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതാത് മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി മന്ത്രിമാര്‍ ഉപയോഗിക്കുന്നതിലുള്ള അതൃപ്തിയും പ്രധാനമന്ത്രി ഇവരെ അറിയിക്കുന്നു. ഇതോടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ അതാത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

അഴിമതിയില്‍ സഹിഷ്ണുതയില്ലാത്ത നിലപാട് തന്നെയായിരിക്കും താന്‍ സ്വീകരിക്കുകയെന്നും മോദി മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. നേരത്തെ, ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുമ്പോള്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനേയും, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ യോഗം ചേരുന്നതിനേയും മോദി സര്‍ക്കാര്‍ വിലക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com