കളഞ്ഞു കിട്ടിയ 40 ലക്ഷം രൂപയുടെ വജ്രം തിരിച്ചു കൊടുത്തു; 15 വയസുകാരനു സമ്മാനപ്പെരുമഴ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂററ്റ്: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കളഞ്ഞു കിട്ടിയ വജ്രം തിരികെ കൊടുത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു സമ്മാനപ്പെരുമഴ. വിപണിയില്‍ 40 ലക്ഷം രൂപ വിലവരുന്ന 700 കാരറ്റ് വജ്രം വിശാല്‍ ഉപാധ്യായ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു കളഞ്ഞു കിട്ടിയത്.

ഓഗസ്റ്റ് 15നാണ് സംഭവം. മഹിതാപുര സ്വദേശിയായ വിശാല്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ലഭിച്ച വജ്രമോതിരം നേരെ ഉടമയെ ഏല്‍പ്പിക്കുകയായിരുന്നു. വജ്രം തിരികെ ലഭിച്ച സന്തോഷത്തില്‍ ഇതിന്റെ ഉടമ മാന്‍ഷുക് സവാലിയ 30,000 രൂപ പാരിതോഷികമായി അപ്പോള്‍ തന്നെ നല്‍കിയിരുന്നു. പിന്നീട് സൂററ്റ് ഡയമണ്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു ഗുജറാത്തിയുടെ വക 11,000 രൂപയും വിശാലിന്റെ സത്യസന്ധതയ്ക്കു സമ്മാനമായി ലഭിച്ചു. 

വിശാല്‍ ഉപാധ്യായ്
വിശാല്‍ ഉപാധ്യായ്

ഈ കൗമാരക്കാരന്‍ തന്റെ വജ്രം തിരികെ നല്‍കിയിരുന്നില്ലയെങ്കില്‍ തന്റെ വീട് വില്‍ക്കേണ്ടി വരുമെന്ന് സവാലിയ പാരിതോഷികം സമ്മാനിച്ചു വ്യക്തമാക്കി. കളിച്ചുകൊണ്ടിരിക്കുന്നതിനടയില്‍ പന്ത് തിരയുന്ന സമയത്താണ് ഡയമണ്ട് പാക്കറ്റ് വിശാലിനു ലഭിച്ചത്. പാക്കറ്റെടുത്ത് സുരക്ഷിതമായി വീട്ടില്‍ കൊണ്ടുപോയി പിറ്റേദിവസം ഇതന്വേഷിച്ചു ആരെങ്കിലും വരുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള സംസാരം കേള്‍ക്കുന്നത്. പിന്നീട് ഉടമയെ കണ്ടെത്തി വജ്രം കൈമാറുകയായിരുന്നു. 

ഒരു ദിവസം അമ്മ തന്ന 50 രൂപ കയ്യില്‍ നിന്നും നഷ്ടപ്പെട്ടപ്പോഴുള്ള വേദന തനിക്കറിയാമെന്നും വിശാല്‍ വ്യക്തമാക്കി. സമ്മാനമായി കിട്ടിയ പണം തന്റെ പഠനത്തിനു ഉപയോഗിക്കാനാണ് വിശാലിന്റെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com