മുതിര്‍ന്ന നേതാക്കളെ എന്തുചെയ്യും? 80 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി അംഗത്വം നല്‍കേണ്ടതില്ലെന്ന് സിപിഎം

സിപിഎം ബ്രാഞ്ച് മുതല്‍ കേന്ദ്രകമ്മറ്റി വരെയുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരമാവധി പ്രായം എണ്‍പതാക്കി നിശ്ചയിക്കാന്‍ ധാരണ - 
മുതിര്‍ന്ന നേതാക്കളെ എന്തുചെയ്യും? 80 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി അംഗത്വം നല്‍കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് മുതല്‍ കേന്ദ്രകമ്മറ്റി വരെയുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരമാവധി പ്രായം എണ്‍പതാക്കി നിശ്ചയിക്കാന്‍ ധാരണ. അടുത്ത ഏപ്രിലില്‍ നടക്കുന്ന ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കീഴ്ഘടകങ്ങളുടെ സമ്മേളനം നടത്തുന്നതു സംബന്ധിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.

പുതുതായി സമ്മേളനം തെരഞ്ഞെടുക്കുന്ന കമ്മറ്റികളില്‍ പത്തു ശതമാനം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കണം. ഓരോ പ്രദേശത്തെയും സാമുഹിക സവിശേഷതകള്‍ പരിഗണിച്ച് പട്ടിക ജാതി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെയും കമ്മറ്റികളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതാദ്യമായാണ് സിപിഎമ്മിന്റെ പാര്‍ട്ടി കമ്മറ്റികളില്‍ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കാനുള്ള തീരുമാനം. എണ്‍പത് കഴിഞ്ഞ മുതിര്‍ന്ന നേതാക്കള്‍ ഇനി ഉയര്‍ന്ന കമ്മറ്റിയില്‍ ക്ഷണിതാക്കളായി തുടരും. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല.

പ്രായപരിധി നിര്‍ദേശം നടപ്പാക്കുമ്പോള്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും കേരളത്തില്‍ നിന്നുള്ള എസ്ആര്‍പിയെ ഒഴിവാക്കേണ്ടി വരും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ എസ്ആര്‍പിക്ക് എണ്‍പത് വയസുകഴിയും. ഏരിയാ കമ്മറ്റി അംഗങ്ങളുടെ എണ്ണം 19ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനും ഈ കമ്മറ്റികളില്‍ രണ്ടു വനിതകളും അത്രതന്നെ യുവാക്കളും വേണമെന്നും നിര്‍ദേശത്തിലുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 തിയ്യതികള്‍ക്കുള്ളില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. പിന്നീടിള്ള ഓരോ മാസത്തിനുള്ളില്‍ ലോക്കല്‍, ഏരിയാ,ജില്ലാ സമ്മേളനങ്ങള്‍ നടക്കും. ഫെബ്രുവരിയില്‍ തൃശൂരിലാണ് സംസ്ഥാന സമ്മേളനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com