ആള്‍ദൈവം ഗുര്‍മീത് റാമിന്റെ പീഡനക്കേസ് വിധി ഇന്ന്; കലാപ ഭീതിയില്‍ രണ്ട് സംസ്ഥാനങ്ങള്‍;അതീവ ജാഗ്രത

വിധി പറയാന്‍ പോകുന്ന പശ്ചാതലത്തില്‍ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
ആള്‍ദൈവം ഗുര്‍മീത് റാമിന്റെ പീഡനക്കേസ് വിധി ഇന്ന്; കലാപ ഭീതിയില്‍ രണ്ട് സംസ്ഥാനങ്ങള്‍;അതീവ ജാഗ്രത

ഛണ്ഡീഗഢ്: ദേരാ സച്ചാ സാദാ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പേരിലുള്ള പീഡനക്കേസിന്റെ വിധി ഇന്ന് സിബിഐ കോടതി പ്രഖ്യാപിക്കും. 15 വര്‍ഷം പഴക്കമുള്ള കേസിന്റെ വിധിയാണ് പ്രഖ്യാപിക്കാന്‍ പോകുന്നത്. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ പീഡിപ്പിച്ച കേസിലാണു റാം റഹിമിനെതിരെ കോടതി നടപടികള്‍ തുടരുന്നത്.

പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വിധി പറയാന്‍ പോകുന്ന പശ്ചാതലത്തില്‍ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഇയ്യാള്‍. 

ഗുര്‍മീതിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാകുമെന്ന് വ്യക്തമാക്കിയ ഗുര്‍മീത്, അനുയായികളോട് സമാധാനം പാലിക്കണമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്കുശേഷം രണ്ടരയോടെ വിധി പുറപ്പെടുവിക്കുമെന്നാണ് സൂചന.

ഗുര്‍മീതിന്റെ 10 ലക്ഷത്തോളം അനുയായികള്‍ ഇതുവരെ പഞ്ച്കുളയിലെത്തിയിട്ടുണ്ടെന്നും 1520 ലക്ഷത്തോളമാളുകള്‍ ഇനിയുമെത്തുമെന്നും ദേരാ സച്ചാ സൗദാ വക്താവ് ആദിത്യ ഇന്‍സാര്‍ പറഞ്ഞു. 

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചണ്ഡീഗഢ് സെക്ടര്‍ 16ലെ ക്രിക്കറ്റ് സ്‌റ്റേഡിയം ജയിലായി തത്കാലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഹരിയാണ, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 33 തീവണ്ടികളാണ് വ്യാഴഴ്ച വൈകുന്നേരംവരെ റദ്ദാക്കിയത്. രണ്ടുദിവസത്തേക്ക് ബസ് ഗതാഗതം നിര്‍ത്തിവെയ്ക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയുംചെയ്തു. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഏതുസമയത്തും ആക്രമണസജ്ജമായ സ്വകാര്യ 'സായുധസൈന്യം' ഗുര്‍മീതിനുണ്ട്. സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നവരാണ് ഈ സംഘത്തിന് ആയുധപരിശീലനം നല്‍കുന്നത്. രാഷ്ട്രീയ സമാജ് സേവാസമിതി (ആര്‍.എസ്.എസ്.എസ്.) എന്ന പേരിലറിയപ്പെടുന്ന സൈന്യത്തില്‍ എണ്ണായിരത്തോളംപേരുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com