റാം റഹീം കുറ്റക്കാരനെന്ന് കോടതി; ഹരിയാനയില്‍ വ്യാപക അക്രമം, പഞ്ചാബില്‍ കര്‍ഫ്യൂ, ഡല്‍ഹിയില്‍ അതീവ ജാഗ്രത

വിധി വരും മുമ്പുതന്നെ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികള്‍ പലയിടത്തും അക്രമം അഴിച്ചുവിടുകയായിരുന്നു
റാം റഹീം കുറ്റക്കാരനെന്ന് കോടതി; ഹരിയാനയില്‍ വ്യാപക അക്രമം, പഞ്ചാബില്‍ കര്‍ഫ്യൂ, ഡല്‍ഹിയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: സിഖ് വിഭാഗമായ ദേരാ സച്ചാ സൗധയുടെ നേതാവ് ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഹരിയാനയില്‍ വ്യാപക അക്രമം. പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞതിനു പിന്നാലെയുണ്ടായ അക്രമങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ നേതാവിനെ ശിക്ഷിച്ചതോടെ പഞ്ചാബും ഹരിയാനയും കലാപ ഭീതിയിലായി. ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഹരിയാനയിലെ സിസ്രയിലുള്ള ആശ്രമത്തില്‍ വച്ച് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹീമിനെ കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് റാം റഹീമിനെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. 

വിധി വരും മുമ്പുതന്നെ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികള്‍ പലയിടത്തും അക്രമം അഴിച്ചുവിടുകയായിരുന്നു. കോടതി പരിസരത്ത് ദൃശ്യമാധ്യമങ്ങളുടെ മൂന്ന് ഒബി വാനുകള്‍ ഇവര്‍ നശിപ്പിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും അക്രമികള്‍ തീയിട്ടു. വന്നതിനു പിന്നാലെ തന്നെ ഹരിയാനയില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. 

പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് അനുയായിയെ ബാലാത്സംഗം ചെയ്ത കേസില്‍ റാം റഹീം കുറ്റക്കാരനെന്നു കണ്ടെത്തിയത്. വിധി വന്നതിനു പിന്നാലെ റാം റഹീമിനെ സൈന്യത്തിന്റെ കസ്റ്റഡിയിലേക്കു മാറ്റി. 

ഇരുന്നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ് ദേര സച്ച സൗധ തലവന്‍ വിധി കേള്‍ക്കാന്‍ കോടതിയിലേക്കു പുറപ്പെട്ടത്. പൊലീസിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് ഇരുപതു കാറുകളാണ് കോടതി പരിസരത്തേക്ക് എത്തിയത്. പതിനായിരക്കണക്കിന് അനുയായികളാണ് പഞ്ചാബിലും ഹരിയാനയിലുമാണ് ദേരാ നേതാവിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. സിസ്രയില്‍ വച്ച് റാം റഹീമിന്റ യാത്ര തടയാന്‍ അനുയായികള്‍ ശ്രമിച്ചിരുന്നു.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുസംസ്ഥാനങ്ങളിലുമായി ഇരുപതിനായിരത്തോളം അര്‍ധ സൈനികരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അനുയായികള്‍ കൂടുതലുളള മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം വിഛേദിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com