കോടതിക്കെതിരായ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജ് കുരുക്കില്‍; പരാതി ഫയലില്‍ സ്വീകരിച്ചു

ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിയെ അധിക്ഷേപിച്ച ബിജെപി എം പി സാക്ഷി മഹാരാജിനെതിരെയുള്ള പരാതി പഞ്ചാബ്,ഹരിയാന ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കോടതിക്കെതിരായ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജ് കുരുക്കില്‍; പരാതി ഫയലില്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിയെ അധിക്ഷേപിച്ച ബിജെപി എം പി സാക്ഷി മഹാരാജിനെതിരെയുള്ള പരാതി പഞ്ചാബ്,ഹരിയാന ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 

പരാതിയിന്‍മേല്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെ ദേരാ സച്ചാ സൗദ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ 38പേര്‍ മരണപ്പെട്ടിരുന്നു. കലാപത്തിന് കാരണം കോടതിയാണെന്നായിരുന്നു സാക്ഷി മഹാരാജിന്റെ ആരോപണം. 

ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാം റഹീമിനെതിരായ കോടതിവിധിയെന്നു സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി. 'ആരുടെ ഭാഗത്താണ് ശരി? റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുടെ ഭാഗത്തോ മാനഭംഗത്തിന് കേസു കൊടുത്ത പെണ്‍കുട്ടിയുടെ ഭാഗത്തോ? റാം റഹീമിനെ പോലുള്ള മാന്യനായ വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഓര്‍ക്കണം',സാക്ഷി മഹാരാജ് പറഞ്ഞു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നിന്ദിച്ചുകൊണ്ട് ബിജെപി എംപി നടത്തിയ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും പരാതികളുമാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ ലഭിച്ച പരാതിയാണ് ഇപ്പോള്‍ കോടതി സ്വീകരിച്ചിരിക്കുന്നത്. 

കേന്ദ്രവും ഹരിയാനയും ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ദേരാ സച്ചാ സൗദ അനുയായികള്‍ അഴിച്ചുവിട്ട കലാപം. ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയെ ന്യായീകരികരിക്കുകയും കോടതിയെ വിമര്‍ശിക്കുകയും ചെയ്ത് ബിജെപി എംപി രംഗത്തെത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.മുമ്പും കലാപങ്ങളെ ന്യായീകരിച്ചും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് സാക്ഷി മഹാരാജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com