ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ ലൈംഗീകമായി പീഡിപ്പിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ചില വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

ഇന്ത്യയിലെ സാമൂഹികസാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അതിനെ കൃത്യമായി എങ്ങനെ നിര്‍വചിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.  

ഒരു പുരുഷന്‍ ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് പോലും ഇവിടുത്തെ നിയമപ്രകാരം മാനഭംഗത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. എന്നാല്‍ ഒരു ഭര്‍ത്താവ് ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതി വന്നാല്‍ കോടതി പീഡനത്തെ എങ്ങനെ നിര്‍ണയിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചോദിച്ചു.

ഭാര്യയെ പീഡിപ്പിച്ചതിനുള്ള തെളിവ് എങ്ങനെ കണ്ടെത്തും. ഇത് പൂര്‍ണ്ണമായും ഭാര്യയുടെ നിലപാടിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഇത് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ഇന്ത്യയിലെ നിരക്ഷരരുടെ എണ്ണം,ദാരിദ്രം, സമൂഹത്തിന്റെ പൊതുചിന്താഗതി, എന്നിവ പരിഗണിക്കുമ്പോള്‍ നിയമം കൊണ്ടുവരുന്നതിനുള്ള സമയമായിട്ടില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 

375ാം വകുപ്പ് പ്രകാരം 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള പുരുഷന്റെ ലൈംഗീകബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും, ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ മാത്രം പശ്ചാത്യസംസ്‌കാരം കണ്ണടച്ച് പിന്തുടരുന്നവരല്ല ഇന്ത്യക്കാരെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com