'അമിത് ഷാ ജൈനന്‍ ; ഹിന്ദുവെന്ന് സ്വയം വിളിക്കുന്നു', ബിജെപി അധ്യക്ഷനെതിരെ കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയും കുടുംബവും ശിവഭക്തരാണ്. ഇന്ദിരാഗാന്ധി ശിവഭക്തര്‍ ധരിക്കുന്ന രുദ്രാക്ഷം ധരിച്ചിരുന്നതായും രാജ് ബബ്ബര്‍
'അമിത് ഷാ ജൈനന്‍ ; ഹിന്ദുവെന്ന് സ്വയം വിളിക്കുന്നു', ബിജെപി അധ്യക്ഷനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജാനമതവിശ്വാസിയാണെന്ന് കോണ്‍ഗ്രസ്. ജൈനനായ ഇദ്ദേഹം സ്വയം ഹിന്ദുവാണെന്ന് വിളിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ ആരോപിച്ചു. സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് പേര് രജിസ്റ്റര്‍ ചെയ്തതെന്ന വിവാദങ്ങള്‍ക്കിടെയാണ് രാജ് ബബ്ബാറുടെ ആരോപണം.

രാഹുല്‍ഗാന്ധിയും കുടുംബവും ശിവഭക്തരാണ്. രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരാഗാന്ധി ശിവഭക്തര്‍ ധരിക്കുന്ന രുദ്രാക്ഷം ധരിച്ചിരുന്നതായും രാജ് ബബ്ബര്‍ പറഞ്ഞു. തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി ശിവഭക്തയാണെന്ന് വിവാദങ്ങള്‍ക്ക് മറുപടിയായി രാഹുല്‍ വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും ഈ വിശ്വാസമാണ് പുലര്‍ത്തിവരുന്നത്. ഇത് തികച്ചും സ്വകാര്യമായ തകാര്യമായാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം വെളിപ്പെടുത്താറില്ല. മതപരമായ വിശ്വാസങ്ങളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. 

സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി അഹിന്ദുക്കളുടെ രജിസ്റ്ററിലാണ് പേര് എഴുതിയതെന്ന് വെളിപ്പെടുത്തി ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ രാഹുലിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ ഒരു രജിസ്റ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പേര് എഴുതുക മാത്രമാണ് ചെയ്തതെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com