നാമനിര്‍ദേശ പത്രികയിലും രാജീവ് ചന്ദ്രശേഖറിന്റെ കൃത്രിമം; 640 കോടിയുടെ നിക്ഷേപം മറച്ചുവെച്ചു?

നാല് കമ്പനികള്‍ മാത്രം തന്റെ ഉടമസ്ഥതയിലുള്ളതായി കാണിച്ച് തെറ്റായ സത്യവാങ്മൂലമാണ് ഏഷ്യാനെറ്റ്, റിപ്പബ്ലിക് ടിവി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ നല്‍കിയിരിക്കുന്നത്
നാമനിര്‍ദേശ പത്രികയിലും രാജീവ് ചന്ദ്രശേഖറിന്റെ കൃത്രിമം; 640 കോടിയുടെ നിക്ഷേപം മറച്ചുവെച്ചു?

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന്റെ ഭൂമി കയ്യേറ്റം റവന്യു വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഏഷ്യാനെറ്റ് ചെയര്‍മാന്‍ സ്വത്തുക്കള്‍ മറച്ചുവച്ചതായി റിപ്പോര്‍ട്ട്. നാല് കമ്പനികള്‍ മാത്രം തന്റെ ഉടമസ്ഥതയിലുള്ളതായി കാണിച്ച് 640 കോടിയുടെ നിക്ഷേപത്തെ കുറിച്ച് മറച്ചുവയ്ക്കുന്ന സത്യവാങ്മൂലമാണ് ഏഷ്യാനെറ്റ്, റിപ്പബ്ലിക് ടിവി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ നല്‍കിയിരിക്കുന്നതെന്നാണ് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പത്രികയില്‍ 35 കോടിയുടെ സ്വത്ത് തന്റെ പേരിലുണ്ടെന്നും 88 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നുമാണ് പറയുന്നത്. വെക്ട്രാ കണ്‍സള്‍റ്റന്‍സി സര്‍വീസസിന്റെ 99.97 ശതമാനം ഓഹരിയും, ജൂപിറ്റര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 50.75 ശതമാനം ഓഹരിയും, മിങ്ക് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 62.83 ശതമാനം ഓഹരിയും, ഗാര്‍ഡന്‍ സിറ്റി പ്ലാന്റേഴ്‌സിന്റെ 88.05 ശതമാനം ഓഹരിയും തന്റെ പേരിലാണെന്ന് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നുണ്ട്. 

എന്നാല്‍ ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് താനെന്ന കാര്യം സത്യവാങ്മൂലത്തില്‍ നിന്നും ബിജെപി എംപി ഒളിച്ചുവയ്ക്കുന്നു. ചന്ദ്രശേഖറിന്റെ വെബ്‌സൈറ്റില്‍ നിന്നു തന്നെ വ്യക്തമാണ്, 640 കോടിയുടെ പ്രാരംഭ നിക്ഷേപത്തിലാണ് താന്‍ ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത് എന്ന്. 6455 കോടിയുടെ നിക്ഷേപം ഇപ്പോള്‍ ഈ കമ്പനിയിലുണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു. 

30ല്‍ അധികം കമ്പനികളും ജൂപിറ്റര്‍ ക്യാപിറ്റലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2005 ആഗസ്റ്റ് 23 മുതല്‍ ജൂപിറ്റര്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് രാജീവ് ചന്ദ്രശേഖര്‍ എന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2005 മെയ് മുതല്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ.ചന്ദ്രശേഖര്‍ ഈ കമ്പനിയുടെ ഡയറക്ടറാണ്. 

രാജീവ് ചന്ദ്രശേഖറും, പിതാവും ജൂപിറ്റര്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഡയറക്ടേഴ്‌സായി ചുമതലയേറ്റതിന് ശേഷമാണ് മറ്റ് രണ്ട് ഡയറക്ടേഴ്‌സായ മാധേവന്‍പിള്ള ശിവറാം, സൗരബ് എന്നിവര്‍ ആ പദവിയിലേക്ക് എത്തുന്നത്.

1994ല്‍ രാജീവ് ചന്ദ്രശേഖറായിരുന്നു ബിപിഎല്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ സ്ഥാപിക്കുന്നത്. 2005 ജൂലൈയില്‍ ഈ കമ്പനിയുടെ 64 ശതമാനം ഓഹരി 1.1 ബില്യണ്‍ ഡോളറിന് രാജീവ് എസ്സാര്‍ ഗ്രൂപ്പിന് വിറ്റു. 2008ല്‍ ബിപിഎല്‍ കമ്മ്യൂണിക്കേഷന്‍സ് ലൂപ്  മൊബൈല്‍ എന്ന പേരിലേക്ക് മാറി. ഇതിന്റെ വില്‍പ്പനയ്ക്ക് പിന്നാലെയായിരുന്നു ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് രാജീവ് സ്ഥാപിക്കുന്നത്.  

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫോം 26 പ്രകാരം, ഒരു സ്ഥാനാര്‍ഥി തന്റെ സ്വത്തുക്കള്‍, ബാധ്യതകള്‍, കുടുംബാംഗങ്ങളുടെ  പേരിലുള്ള സ്വത്തുക്കള്‍, ക്രിമിനല്‍ പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ വ്യക്തമാക്കണം. തെറ്റായ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം നല്‍കിയാല്‍ അത് തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളുടെ ഘണത്തില്‍ വരും. 

നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍, ആ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാമെന്ന് 2013ല്‍ ഡല്‍ഹി ഹൈക്കോടതി വിലയിരുത്തിയിരുന്നു. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചവര്‍ക്ക് ആറ് മാസം മാത്രം തടവ് ശിക്ഷയും പിഴയും വിധിക്കുന്ന കുറഞ്ഞ ശിക്ഷയ്‌ക്കെതിരേയും ഡല്‍ഹി ഹൈക്കോടതി അന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com