വിജയ് രൂപാണി തെറിക്കും ; ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും ?

ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താന്‍ ബിജെപി നേതൃത്വം നീക്കം ശക്തമാക്കി
വിജയ് രൂപാണി തെറിക്കും ; ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും ?

അഹമ്മദാബാദ് : ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ ഗുജറാത്തില്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഹാര്‍ദിക് പട്ടേലിനെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണരംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹാര്‍ദികിനെ കൂടെ നിര്‍ത്തുക വഴി പട്ടീദാര്‍ സമുദായത്തിലെ പ്രബല വിഭാഗവും ബിജെപിക്ക് എതിരെ അണിനിരക്കുന്ന സാഹചര്യമാണ്. അതേസമയം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പട്ടേല്‍ ശക്തികേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ റാലിയിലെ ശുഷ്‌കമായ ജനപങ്കാളിത്തവും പാര്‍ട്ടിയെ ഈ ആലോചനയിലേക്ക് നയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലികളില്‍ ബഹുജനപങ്കാളിത്തം ഉണ്ടെങ്കിലും 2007 ലെയും 2012 ലെയും തരംഗവും ആവേശവും ഇപ്പോഴില്ലെന്ന് ബിജെപി വിലയിരുത്തുന്നു. ഹാര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും, പട്ടേല്‍ സമുദായ നേതാക്കളെ ബിജെപി രണ്ടാംകിടക്കാരായാണ് കാണുന്നതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയപ്പോള്‍, മുതിര്‍ന്ന നേതാവ് നിതിന്‍ പട്ടേലിന് പകരം വിജയ് രൂപാണിയെ ആണ് ബിജെപി മുഖ്യമന്ത്രി ആക്കിയതെന്നും പട്ടേല്‍ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നു. 

ഈ സാഹചര്യത്തിലാണ് ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താന്‍ ബിജെപി നേതൃത്വം നീക്കം ശക്തമാക്കിയത്. ഇതിനായി പട്ടേല്‍ സമുദായക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആലോചന. ഡിസംബര്‍ ഒമ്പതിന്റെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പേരിനാണ് മുന്‍തൂക്കം. മുന്‍മുഖ്യമന്ത്രിമാരായ കേശുഭായ് പട്ടേല്‍, ആനന്ദിബെന്‍ പട്ടേല്‍ എന്നിവരെ വീണ്ടും പരിഗണിക്കുമോ, അപ്രതീക്ഷിതമായി മറ്റൊരാള്‍ ഉയര്‍ന്നുവരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.  ഹിമാചല്‍ പ്രദേശില്‍ രജ്പുത് വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രേംകുമാര്‍ ധൂമലിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com