ശശി തരൂരിന്റെ മൗനത്തെ മാനിക്കണം; അര്‍ണാബ് ഗോസ്വാമിക്ക് കോടതിയുടെ നിര്‍ദേശം

സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട  വാര്‍ത്തകളും  സംവാദങ്ങളും കൊടുക്കുന്നതില്‍ നിന്നും റിപ്പബ്ലിക്ക് ചാനലിനെ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളി കൊണ്ടാണ് കോടതി നിരീക്ഷണം
ശശി തരൂരിന്റെ മൗനത്തെ മാനിക്കണം; അര്‍ണാബ് ഗോസ്വാമിക്ക് കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് മൗനം അവലംബിക്കാനുളള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക്ക് ടിവി അവതാരകനായ അര്‍ണാബ് ഗോസ്വാമിയോട് ഡല്‍ഹി ഹൈക്കോടതി. സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട  വാര്‍ത്തകളും  സംവാദങ്ങളും കൊടുക്കുന്നതില്‍ നിന്നും റിപ്പബ്ലിക്ക് ചാനലിനെ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളി കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

വാര്‍ത്ത കൊടുക്കാനുളള അവകാശത്തെ മാനിക്കുന്നു. എന്നാല്‍ വാര്‍ത്തയില്‍ മാന്യത പുലര്‍ത്താന്‍ ശ്രമിക്കണം. ഇനി സുനന്ദപുഷ്‌ക്കറുമായി ബന്ധപ്പെട്ട വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് ശശി തരൂരിനെ മുന്‍കൂട്ടി അറിയിക്കണം. ശശി തരൂരിന്റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമേ വാര്‍ത്ത നല്‍കാവൂ എന്നും ഡല്‍ഹി ഹൈക്കോടതി അര്‍ണാബ് ഗോസ്വാമിയോടും, റിപ്പബ്ലിക്ക് ടിവിയോടും നിര്‍ദേശിച്ചു. 

ഓരോ വ്യക്തിക്കും മൗനം അവലംബിക്കാന്‍ അവകാശമുണ്ട്. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ അഭിപ്രായം പറയാന്‍ ശശി തരൂരിനെ  നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക്ക് ചാനലും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശശിതരൂര്‍ സമര്‍പ്പിച്ച രണ്ടുകോടിയുടെ മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. 

2014 ജനുവരി 17നാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌ക്കറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ ഒന്നും ചെയ്യില്ലെന്ന് അര്‍ണാബ് ഗോസ്വാമിയുടെ വക്കീല്‍ കോടതിയില്‍ ഉറപ്പ് നല്‍കിയതായി ശശി തരൂര്‍ വാദിച്ചു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചു . മെയ് 29 ന് കോടതിയില്‍ നടന്ന വാദത്തിനിടെ സുനന്ദ പുഷ്‌ക്കര്‍ കൊല്ലപ്പെട്ടതാണെന്ന് തെളിയുന്നത് വരെ തന്നെ ഒരു കൊലയാളിയായി ചിത്രീകരിക്കരുതെന്നും ശശി തരൂര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കുന്നതിനിടെ തിരുവനന്തപുരം എംപിയായ ശശിതരൂരിനെ ക്രിമിനല്‍ ആയി ചിത്രീകരിക്കരുത് എന്ന് റിപ്പബ്ലിക്ക് ടിവിയോട് കോടതി നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com