കോണ്‍ഗ്രസ് ഒറ്റയാള്‍ ബിസിനസ്,നേതൃത്വത്തെ വെട്ടിലാക്കി മനീഷ് തിവാരിയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് 

കോണ്‍ഗ്രസില്‍ ഒറ്റയാള്‍ ബിസിനസാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറി ഷെഹ്‌സാദ് പൂനാവാല
കോണ്‍ഗ്രസ് ഒറ്റയാള്‍ ബിസിനസ്,നേതൃത്വത്തെ വെട്ടിലാക്കി മനീഷ് തിവാരിയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് 

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ ഒറ്റയാള്‍ ബിസിനസാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറി ഷെഹ്‌സാദ് പൂനാവാല. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിക്കുന്നതിനുളള നടപടിക്രമങ്ങളെ ഇതിനോടകം തന്നെ ചോദ്യം ചെയ്ത് ഷെഹ്‌സാദ് പൂനാവാല കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ  ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് പുറത്തേക്കുളള വഴിയൊരുക്കുമെന്ന് ഷെഹ്‌സാദ് പൂനാവാലയോട് താക്കീതിന്റെ സ്വരത്തില്‍ മനീഷ് തീവാരി പറയുന്നത് അടക്കമുളള ഓഡിയോ ക്ലിപ്പ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ മനീഷ് തീവാരിയും, ഷെഹ്‌സാദ് പൂനവാലയും തമ്മിലുളള സംഭാഷണം പുറത്തുവന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. 

നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച ഷെഹ്‌സാദ് പൂനവാലയ്ക്ക് മനീഷ് തീവാരി മറുപടി നല്‍കുന്ന നിലയിലാണ് ഓഡിയോ ക്ലിപ്പിന്റെ ഉളളടക്കം. ബൂത്ത് ലെവല്‍ മുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നില്ല എന്നതടക്കമുളള ഷെഹ്‌സാദ് പൂനവാലയുടെ ചോദ്യങ്ങളിലുടെയാണ് ഓഡിയോ സംഭാഷണം പുരോഗമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഫലത്തില്‍ ഓരോ ചോദ്യവും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടും അജയ് മാക്കന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ഉള്‍പ്പെടെ സംഘടനാ രംഗത്തെ വിവിധ വിഷയങ്ങളും ഷെഹ്‌സാദ് പൂനവാല ഉന്നയിക്കുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെ തന്നെ കോണ്‍ഗ്രസും ഒറ്റയാള്‍ ബിസിനസ് ആണ് എന്ന് മനീഷ് തീവാരി മറുപടി നല്‍കിയത്. ഇത് ഒരു ഒറ്റയാള്‍ ബിസിനസ് ആണ് , രാഷ്ട്രീയ പാര്‍ട്ടി അല്ല എന്ന നിലയിലാണ് മനീഷ് തീവാരിയുടെ പ്രതികരണം . ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് ഉണ്ടായിരിക്കേണ്ട  യോഗ്യതയില്ലാത്തതാണ് എന്ന നിലയില്‍ കടുത്ത ആരോപണങ്ങളും ഓഡിയോ ക്ലിപ്പില്‍ അടങ്ങിയിരിക്കുന്നു. എല്ലാം പാര്‍ട്ടികളും ഒറ്റയാള്‍ ബിസിനസ് ആണ് എന്ന ആരോപണമാണ് മനീഷ് തീവാരി ഉന്നയിച്ചത്.ജനാധിപത്യം നിലനിര്‍ത്താന്‍ ഇത്തരത്തിലുളള രണ്ടാംഘട്ട പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷസ്ഥാനത്തേക്കുളള വരവിനെ ഉദേശിച്ച് മനീഷ് തീവാരി ഓഡിയോ ക്ലിപ്പില്‍ പറയുന്നു. എന്നാല്‍ ഈ ഓഡിയോ ക്ലിപ്പിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മനീഷ് തീവാരി പിന്നിട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനത്തേക്കുളള കടന്നുവരവിനെ കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്ത് ഇത്തരത്തിലുളള ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന നിലയിലായിരുന്നു സ്്മൃതി ഇറാനിയുടെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com