യുപിയിലെ ജയമൊക്കെ എന്ത്? ഗുജറാത്തില്‍ കണ്ടോളൂ: അമിത് ഷാ 

കോണ്‍ഗ്രസ് നേതാക്കളെല്ലാം മൗനികളായിരിക്കുന്നു. അവരെ കൂടുതല്‍ മൗനികളാക്കുന്നതാണ് യുപി തെരഞ്ഞെടുപ്പു ഫലമെന്ന് അമിത് ഷാ
യുപിയിലെ ജയമൊക്കെ എന്ത്? ഗുജറാത്തില്‍ കണ്ടോളൂ: അമിത് ഷാ 

സോമനാഥ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന ജയം കണക്കിലെടുക്കുമ്പോള്‍ യുപി തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ടതൊന്നും ഒന്നുമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുപി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റു പോലും നേടാനായില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സോമനാഥില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

കോണ്‍ഗ്രസ് വരികയാണ് എന്നാണ് മൂന്നു മാസമായി ആ പാര്‍ട്ടി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പറയുന്നു, കോണ്‍ഗ്രസ് പോവുകയാണ് എന്ന്. രാഹുലിന്റെ മണ്ഡലമായ അമേതിയില്‍ പോലും എല്ലാ സീറ്റുകളും ബിജെപിക്കാണ് കിട്ടിയത്. എന്നാല്‍ ഇതൊന്നും ഒന്നുമല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ കണ്ടോളൂ. ഡിസംബര്‍ പതിനെട്ടിന് വോട്ട് എണ്ണിക്കഴിയുമ്പോള്‍ 150 സീറ്റ് നേടി ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് അമിത് ഷാ പറഞ്ഞു.

മൂന്നു മാസം മുമ്പ് ജിഡിപി വളര്‍ച്ച കുറഞ്ഞപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ വന്നിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അലറിവിളിക്കുകയായിരുന്നു. ഇ്‌പ്പോള്‍ പുതിയ ജിഡിപി കണക്കുകള്‍ വന്നിരിക്കുന്നു. രാജ്യം 6.3 ശതമാനം നിരക്കില്‍ വളരുകയാണെന്ന് അതില്‍ പറയുന്നത്. അതോടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം മൗനികളായിരിക്കുന്നു. അവരെ കൂടുതല്‍ മൗനികളാക്കുന്നതാണ് യുപി തെരഞ്ഞെടുപ്പു ഫലമെന്ന് അമിത് ഷാ പറഞ്ഞു.

ജാതി രാഷ്ട്രീയവും കുടുംബ വാഴ്ചയും കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനം പറഞ്ഞ് വോട്ടുചോദിച്ചാല്‍ ഒരിക്കലും അവര്‍ക്കൊരിക്കലും ജയിക്കാനാവില്ല. ഗുജറാത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും വേണ്ടി എന്തു ചെയ്തു എന്നതാണ് രാഹുല്‍ ഗാന്ധി മറുപടി പറയേണ്ട കാര്യം. അതു ചെയ്യാതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ് രാഹുലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com