ബാലറ്റ് പേപ്പര്‍ വോട്ടിങില്‍ ബിജെപിക്ക് തിരിച്ചടി; വോട്ടിങ് യന്ത്രം ഉപേക്ഷിച്ചാല്‍ ബിജെപി ഇല്ലാതാകുമെന്ന് മായാവതി 

ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബിജെപിയ്ക്ക് തിരിച്ചടി
ബാലറ്റ് പേപ്പര്‍ വോട്ടിങില്‍ ബിജെപിക്ക് തിരിച്ചടി; വോട്ടിങ് യന്ത്രം ഉപേക്ഷിച്ചാല്‍ ബിജെപി ഇല്ലാതാകുമെന്ന് മായാവതി 

ന്യൂഡല്‍ഹി :  ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബിജെപി കൃത്രിമം കാണിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെ , ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബിജെപിയ്ക്ക് തിരിച്ചടി. 33 മുന്‍സിപ്പല്‍ കൗണ്‍സില്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു. ആകെ ആറിടത്ത്് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.  വോട്ടിങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നിടത്ത് ബിജെപി വന്‍ വിജയം നേടിയ സ്ഥാനത്താണ് ഇത്. 

ഇതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ബിഎസ്പി നേതാവ്് മായാവതി വീണ്ടും രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും സമാനമായ ആരോപണം ഉന്നയിച്ച് മായാവതി രംഗത്തുവന്നിരുന്നു. ബാലറ്റ് പേപ്പറില്‍ ആയിരുന്നു ഉത്തര്‍പ്രദേശ് തദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത് എങ്കില്‍ ബിജെപി തോല്‍ക്കുമായിരുന്നുവെന്ന് മായാവതി വെല്ലുവിളിച്ചു. വരുന്ന 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെങ്കില്‍ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും മായാവതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളിലും, ജനാധിപത്യത്തിലും വിശ്വാസമുണ്ടെങ്കില്‍ ഇതിന് തയ്യാറാണോ എന്ന് ബിജെപിയെ മായാവതി വെല്ലുവിളിച്ചു.

അയോധ്യയോട് ചേര്‍ന്നുളള ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, ബാസ്തി, ഗോണ്ട, ബാല്‍രാംപൂര്‍, സുല്‍ത്താന്‍പൂര്‍, ബെറേച്ച് എന്നി ജില്ലകളിലെ ഗ്രാമ, ഇടത്തര നഗര കേന്ദ്രീകൃതമായി നടന്ന തെരഞ്ഞെടുപ്പുകളിലാണ് ബിജെപി തോല്‍വി രുചിച്ചത്. സമാജ് വാദി പാര്‍ട്ടി 12 ഇടത്ത് വിജയം നേടിയപ്പോള്‍, ബിഎസ്പിയും കോണ്‍ഗ്രസും യഥാക്രമം അഞ്ചും, മൂന്നും സീറ്റുകള്‍ വീതം നേടി. ഫൈസാബാദ്, ബെറേച്ച്, ബാല്‍രാംപൂര്‍ ജില്ലകളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. അംബേദ്ക്കര്‍ നഗര്‍ ജില്ലയിലെ അഞ്ചു സീറ്റുകളില്‍ വിജയിച്ച വനിതകള്‍ അവിടങ്ങളിലെ മുന്‍സിപ്പല്‍ ബോര്‍ഡ് അധ്യക്ഷമാരായി മാറുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com