എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ഗുജറാത്തില്‍ നീതി നിഷേധിക്കുന്നു?; മോദിയോട് ചോദിച്ച് രാഹുല്‍

22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി സ്ത്രീകള്‍ക്ക് വ്യാജ വാഗ്ദാനങ്ങളാണ് നല്‍കി വരുന്നതെന്നും രാഹുല്‍ ഗാന്ധി 
എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ഗുജറാത്തില്‍ നീതി നിഷേധിക്കുന്നു?; മോദിയോട് ചോദിച്ച് രാഹുല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വീണ്ടും മോദിയോട് ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്തു കൊണ്ട് ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നു എന്ന നിലയില്‍ ചോദ്യപരമ്പരയിലെ അഞ്ചാമത്തെ ചോദ്യമാണ് രാഹുല്‍  ഗാന്ധി മോദിയോട് ഉന്നയിച്ചത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ സംസ്ഥാനത്ത് അവഗണിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു

22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സ്ത്രീകള്‍ക്ക് വ്യാജ വാഗ്ദാനങ്ങളാണ് നല്‍കി വരുന്നത്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളില്‍ ശിക്ഷാനിരക്ക് കുറവാണ് എന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. വെറും മൂന്നു ശതമാനം മാത്രമാണ് ശിക്ഷ നിരക്ക് എന്ന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രാഹുല്‍ മോദിക്ക് എതിരെ തുറന്നടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുളള ആസിഡ് ആക്രമണങ്ങളുടെ പട്ടികയില്‍ സംസ്ഥാനതലത്തില്‍ ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മാനഭംഗത്തിന് ഇരയാകുന്നതും ഗുജറാത്തില്‍ വര്‍ധിച്ചുവരുകയാണ്. സംസ്ഥാനതലത്തില്‍ ഗുജറാത്തിന്റെ സ്ഥാനം പത്താണ്. ഈ നിലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

2001 മുതല്‍ 2014 വരെ ഗുജറാത്ത് ഭരിച്ചിരുന്ന നരേന്ദ്രമോദിയുടെ കാലയളവില്‍ പെണ്‍കുട്ടികളുടെ സാക്ഷരത നിരക്കും താഴ്ന്നു. 2001 ല്‍ സ്ത്രീകളുടെ സാക്ഷരത നിരക്ക് 70 ശതമാനമായിരുന്നു. ഇത് 2014 ആയപ്പോഴെക്കും 57 ശതമാനമായി ഇടിഞ്ഞു. ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇത്തരത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയെ തുറന്നുകാട്ടിയാണ് രാഹുല്‍ ഗാന്ധി മോദിക്ക് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com