പാക്കിസ്ഥാനും ചൈനയ്ക്കും ഇന്ത്യയുടെ ചുട്ടമറുപടി;ചബഹാര്‍ തുറമുഖം യാഥാര്‍ത്ഥ്യമായി

ചബഹാര്‍ പോര്‍ട്ടിന് 80 കിലോമീറ്റര്‍ അകലെ ചൈനയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പണിയുന്ന ഗ്വാദര്‍ പോര്‍ട്ടിന്റെ ഭീഷണിയെ നേരിടാനും ഇതുവഴി ഇന്ത്യക്ക് സാധിക്കും
പാക്കിസ്ഥാനും ചൈനയ്ക്കും ഇന്ത്യയുടെ ചുട്ടമറുപടി;ചബഹാര്‍ തുറമുഖം യാഥാര്‍ത്ഥ്യമായി

ന്യൂഡല്‍ഹി: ചൈനയ്ക്കും പാക്കിസ്ഥാനും മറുപടി നല്‍കി ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഇറാനിലെ ചബഹാര്‍ പോര്‍ട്ട് യാഥാര്‍ത്ഥ്യമായി . പദ്ധതിയുടെ ആദ്യഘട്ടം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി ഉദ്ഘാടനം ചെയ്തു. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ സെന്‍ട്രല്‍ ഏഷ്യ, അഫ്്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുളള ഇന്ത്യയുടെ വ്യാപാര വാണിജ്യബന്ധം കൂടുതല്‍ മെച്ചപ്പെടും. ചബഹാര്‍ പോര്‍ട്ടിന് 80 കിലോമീറ്റര്‍ അകലെ ചൈനയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പണിയുന്ന ഗ്വാദര്‍ പോര്‍ട്ടിന്റെ ഭീഷണിയെ നേരിടാനും ഇതുവഴി ഇന്ത്യക്ക് സാധിക്കും.

34 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിച്ച ചബഹാര്‍ പോര്‍ട്ട് ഒമാന്‍ ഉള്‍ക്കടലിന് ആമുഖമായാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ തുറമുഖം  മൂന്നുമടങ്ങ് വികസിപ്പിച്ച് ആധുനികവല്‍ക്കരിക്കുന്നതിനായാണ് ഇന്ത്യയും ഇറാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധാരണയിലെത്തിയത്.ചബഹാര്‍ പോര്‍ട്ടിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതുവരെ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യയോട്  ഇറാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ചബഹാര്‍ പോര്‍ട്ടിന്റെയും അനുബന്ധ ഗതാഗത സംവിധാനങ്ങളുടെയും വികസനത്തിനായി 50  കോടി ഡോളര്‍ നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇറാന് ഉറപ്പുനല്‍കിയിരുന്നു. ചബഹാര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായുളള വ്യാപാര വാണിജ്യ രംഗങ്ങളില്‍ ഇന്ത്യക്ക് പുതിയ ഉണര്‍വ് പകരും. ചബഹാറില്‍ നിലവില്‍  ഒരു രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇവിടെ സാന്നിധ്യവുമുണ്ട്. അങ്ങനെ എല്ലാം നിലയിലും മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചബഹാര്‍ തുറമുഖം വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഒരു മാസം മുന്‍പ്് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് ഇന്ത്യ കയറ്റുമതി ചെയ്തത് ചബഹാര്‍ തുറമുഖം വഴിയായിരുന്നു. 

ഇന്ത്യയ്ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തിയാണ് പാക്കിസ്ഥാനില്‍ ചൈനയുടെ നേതൃത്വത്തില്‍ ഗ്വാദര്‍ പോര്‍ട്ട് നിര്‍മ്മിക്കുന്നത്. ഗ്വാദര്‍ പോര്‍ട്ടിന്റെ നിര്‍മ്മാണാരംഭം മുതല്‍ തന്നെ ഇന്ത്യ ഇതിനെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ചൈനയുടെ സ്വപ്‌നപദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലും ഗ്വാദര്‍ തുറമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപാര വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗ്വാദര്‍ പോര്‍ട്ട് വികസിപ്പിക്കുന്നത് എന്ന് ചൈന അവകാശപ്പെടുമ്പോഴും,അതിന് മറ്റൊരു മാനം ഉളളതായി ഇന്ത്യ കണക്കുകൂട്ടുന്നു. ഇന്ത്യയെ ചുറ്റിവളയുക എന്ന ചൈനയുടെ രഹസ്യപദ്ധതിയുടെ ഭാഗമായി കൂടിയാണ് ഗ്വാദര്‍ പോര്‍ട്ട് നിര്‍മ്മാണത്തെ ഇന്ത്യ വീക്ഷിക്കുന്നത്.  ഈ പശ്ചാത്തലത്തില്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും മേഖലയിലെ ഭീഷണിക്ക് തക്കതായ മറുപടി നല്‍കാന്‍ ചബഹാര്‍ പോര്‍ട്ടിന്റെ വികസനത്തിലുടെ കഴിയുമെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com