ഒഴിഞ്ഞ കസേരകളോട് നരേന്ദ്രമോദിയുടെ ഗംഭീരന്‍ പ്രസംഗം ; വീഡിയോ വൈറല്‍

ഒഴിഞ്ഞ കസേരകളോട് നരേന്ദ്രമോദിയുടെ ഗംഭീരന്‍ പ്രസംഗം ; വീഡിയോ വൈറല്‍

ജംബുസാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ച തരത്തില്‍ സദസ്സ് ശുഷ്‌കമായത്

അഹമ്മദാബാദ്: നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ ആളുകൂടുമെന്ന ബിജെപിയുടെ കണക്കുകൂട്ടലിന് തിരിച്ചടി. അതും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാണ്. ബറൂച്ച് ജില്ലയിലെ ജംബുസാറില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ച തരത്തില്‍ സദസ്സ് ശുഷ്‌കമായത്. 

ജംബുസാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദിയുടെ പ്രസംഗം കത്തിക്കയറുമ്പോഴും ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. 12,000 ഓളം കസേരകളായിരുന്നു ശ്രോതാക്കള്‍ക്കായി നിരത്തിയിരുന്നത്. എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഗുജറാത്തില്‍ നരേന്ദ്രമോദി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബിജെപി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുന്നതെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്.

ബറൂച്ചിന് പുറമെ, രാജ്‌കോട്ട്, സുരേന്ദ്രനഗര്‍, ഭുജ് തുടങ്ങിയ ഇടങ്ങളിലും മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ നടന്നിരുന്നു. അവിടെയും ജനപങ്കാളിത്തം കുറവായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ രാജ്‌കോട്ടില്‍ കഴിഞ്ഞ ബുധനാഴ്ച നടത്തിയ റാലിയില്‍ ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇത് തിരിച്ചടിയല്ലെന്നും, തങ്ങളുടെ ജനപിന്തുണ ഇടിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കാനായിരുന്നു ബിജെപി നരേന്ദ്രമോദിയെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com