ഓഖി രക്ഷാസേനയെ ഞെട്ടിച്ചത് ഇങ്ങനെയൊക്കെയാണ് 

തീരസംരക്ഷണ സേന മാത്രം നടത്തിയ പരിശ്രമങ്ങള്‍ പിന്നീട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നേവിയും ഉള്‍പ്പെട്ട വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
ഓഖി രക്ഷാസേനയെ ഞെട്ടിച്ചത് ഇങ്ങനെയൊക്കെയാണ് 

നവംബര്‍ 30-ാം തിയതി വൈകുന്നേരം ഏകദേശം നാല് മണിയോടെയാണ് വിഴിഞ്ഞം തീരസംരക്ഷണ സേനാ ആസ്താനത്തുനിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എല്ലാ ബോട്ടുകളും തീരത്തേക്ക് മടങ്ങണമെന്ന് നിര്‍ദ്ദേശമെത്തിയത്. ചുഴലികാറ്റിന് സാധ്യതയുണ്ടെന്നറിഞ്ഞതിനെതുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. പിന്നീട് ജില്ലാ ഭരണകുടത്തില്‍ നിന്നുള്ള എസ്ഒഎസ് ലഭിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം ശക്തമായ കാറ്റിനെതുടര്‍ന്ന് തീരത്തേക്ക് മടങ്ങാനാവാതെ ധാരാളം മത്സ്യതൊഴിലാളികള്‍ കടലില്‍ കുടങ്ങിയിരുന്നു. മണിക്കൂറില്‍ 130കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റും ആര്‍ത്തിരമ്പുന്ന കടലും മത്സ്യതൊഴിലാളികള്‍ക്ക് തീരമെത്തുന്നതിന് തടസ്സമായി നിന്നു. ഇവരെ രക്ഷപെടുത്തുന്നതിനായി തീരസേന രണ്ട് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും രണ്ട് ഓഫ്‌ഷോര്‍ വെസലുകളും ഒരു ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റും അയച്ചു. 

തീരസംരക്ഷണ സേന മാത്രം നടത്തിയ പരിശ്രമങ്ങള്‍ പിന്നീട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നേവിയും ഉള്‍പ്പെട്ട വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയായിരുന്നു. കുറച്ച് ബോട്ടുകളും ഒരു എയര്‍ക്രാഫ്റ്റിനും മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നതിനേക്കാള്‍ ശക്തമാണ് കാറ്റെന്ന് അവര്‍ മനസിലാക്കിയതിനാലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നതെന്ന്  വിഴിഞ്ഞം തുറമുഖത്തെ മുതിര്‍ന്ന തീരസുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കടലില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവം ഉണ്ടായാല്‍ തിരച്ചിലുനും രക്ഷാപ്രവര്‍ത്തനത്തിനും ആദ്യം പ്രതികരിക്കേണ്ടത് തീര സംരക്ഷണ സേനയാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപത്തിനെ ഒറ്റയ്ക്ക് നേരിടാന്‍ തീരസേന സജ്ജമല്ലെന്ന് ഞങ്ങള്‍ വളരെ വേഗം മനസ്സിലാക്കി. അതിനാലാണ് കൊച്ചിയിലുള്ള തീരസംരക്ഷണ സേന ആസ്ഥാനത്തേക്കും ഇന്ത്യന്‍ നേവിയിലേക്കും സഹായം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശമയച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അപ്പോള്‍ തന്നെ വിവരം അറിയിച്ചിരുന്നു. അവരും നേവിയേയും എയര്‍ഫോഴ്‌സിനെയും ബന്ധപ്പെടുകയാണുണ്ടായത്, അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ച ഉടനെ വെസ്റ്റേണ്‍ കമാന്‍ഡില്‍ ഉണ്ടായിരുന്ന എല്ലാ ബോട്ടുകളെയും രക്ഷാപ്രവര്‍ത്തനത്തിനായി അടിയന്തരമായി അയയ്ക്കുകയായിരുന്നെന്ന് ഇന്ത്യന്‍ നേവി കമാന്‍ഡര്‍ ശ്രീധര്‍ ഇ വാര്യര്‍ പറഞ്ഞു. ആദ്യ ദിനം നേവിയുടെ ആറ് ഷിപ്പുകളും രണ്ട് എയര്‍ക്രാഫ്റ്റുകളും രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചു. ഇതിനുപുറമേ തീരസേനയുടെ 9ബോട്ടുകളും രണ്ട് ഡോണര്‍ എയര്‍ക്രാഫ്റ്റും ഒരു ഹെലികോപ്റ്ററും വിന്യസിപ്പിച്ചിരുന്നു ലക്ഷദ്വീപിലേക്കും ഒരു ബോട്ട് അയച്ചു. ഇതേ ദിവസം തന്നെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി ഒരു എയര്‍ക്രാഫ്റ്റും രണ്ട് ഹെലികോപ്റ്ററുകളും അയച്ചിരുന്നു. 

ഇരുട്ട് വില്ലനായപ്പോള്‍

വളരെ പെട്ടെന്നായിരുന്നു 'ഓഖി' ചുഴലിക്കാറ്റ് തീരത്തേക്കെത്തിയത്. മൂന്ന് ഏജന്‍സികളുടെയും ശ്രമഫലമായി തീരത്തോടടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികളെയെല്ലാം രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ രാത്രിയായതോടെ ആളുകളെ കണ്ടെത്തുക ബുദ്ധിമുട്ടായി തുടങ്ങി. രാത്രികാലത്തെ തിരച്ചിലിനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഡോര്‍ണിയറില്‍ ഇല്ലാത്തതിനാല്‍ അവ പിന്‍വലിച്ച് ബോയിംഗ് പി8ഐ എയര്‍ക്രാഫ്റ്റ് നേവി രക്ഷാപ്രവര്‍ത്തനത്തിനായി അയയ്ക്കുകയായിരുന്നെന്ന് വാര്യര്‍ പറഞ്ഞു. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് നിര്‍മിച്ച ഈ എയര്‍ക്രാഫ്റ്റില്‍ കടലിലും കടലിനടിയിലുമുളള ചെറിയ വസ്തുക്കളെപോലും കണ്ടുപിടിക്കാന്‍ സാധിക്കുന്ന ആര്‍ട്ട് സെന്‍സറുകളും റഡാറുകളും ഉണ്ട്. എയര്‍ക്രാഫ്റ്റിലെ ഇന്‍ഫ്രാറെഡ് ക്യാമറകളും പര്യവേക്ഷണ ക്യാമറകളും രാത്രിയില്‍ നേവി ഉദ്യോഗസ്ഥരുടെ കണ്ണായി പ്രവര്‍ത്തിക്കും. 

നേവിയും തീരസേനയും എയര്‍ഫോഴ്‌സും ഒന്ന്‌ചേര്‍ന്ന് ഒരു ഏകീകൃത സംഘമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കുകയായിരുന്നെന്ന് തമിഴ്‌നാട് പുതുച്ചേരി നേവല്‍ അതിര്‍ത്തിയിലെ ഫഌഗ് ഓഫീസര്‍ റിര്‍ അഡ്മിറല്‍ അലോഖ് ഭട്ട്‌നഗര്‍ പറഞ്ഞു. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അഡ്വാന്‍സ്ഡ് ലൈറ്റ്‌വെയിറ്റ് ഹെലികോപ്റ്ററുകള്‍ (എഎല്‍എച്ച്) രക്ഷപെടാനാകാതെ കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ കണ്ടെത്തി. കീഴ്‌മേല്‍ മറിഞ്ഞ ബോട്ടുകളില്‍ തൂങ്ങിപിടിച്ച കിടന്നവരെയായിരുന്നു ആദ്യം രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇതും അത്ര എളുപ്പമായിരുന്നില്ല. ശക്തിയായി വീശിയിരുന്ന കാറ്റ് ഇവരുടെ അടുത്തേക്ക് എത്തിപ്പെടുന്നതിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. 

ചെറിയ എയര്‍ക്രാഫ്റ്റുകളും എഎല്‍എച്ചും ചെറിയ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ പി8ഐ 250 നോട്ടിക്കല്‍ മൈല്‍ വ്യാപ്തിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരുന്നു. പി8ഐ കടലില്‍ ആളുകളെ കണ്ടാല്‍ ഉടന്‍ ജിപിഎസ് വഴി സന്ദേശമയയ്ക്കും. ഇതേതുടര്‍ന്ന് അവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ അയയ്ക്കും ഇത്തരത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 

അടുത്തെത്താന്‍ കഴിയാതെ നേവി കപ്പലുകള്‍

ഐഎന്‍എസ് യമുന, ഐഎന്‍എസ് സാഗര്‍ധ്വനി, ഐഎന്‍എസ് നിരീക്ഷക് എന്നിവയാണ് കേരള തീരത്ത് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അയച്ച നേവി കപ്പലുകള്‍. തീരസേനയുടെ ബോട്ടുകള്‍ മത്സ്യബോട്ടുകള്‍ക്കരികിലേക്കെത്തുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ളവയാണ് എന്നാല്‍ നേവിയുടേത് വലുതാണ് ഇവയെ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. അവയ്ക്ക് മത്സ്യബോട്ടുകള്‍ക്കരികിലേക്ക് എത്താന്‍ കഴിയില്ലെന്ന് മാത്രമല്ല ഇത് അവയെ നശിപ്പിക്കുകയെ ഒള്ളു എന്നതാണ് വാസ്തവം. കപ്പലുകള്‍ക്ക് ആളുകളെ രക്ഷിക്കണമെങ്കില്‍ കുടങ്ങികിടക്കുന്ന ബോട്ടിലേക്ക് വലിയ കയര്‍ വലിചെറിയുകയും പിന്നീട് അവയെ വലിച്ച് അടുത്തെത്തിക്കുകയും വേണമായിരുന്നു.

ലക്ഷദ്വീപിലേക്കയച്ച ഐഎന്‍എസ് ശാര്‍ദുല്‍, ശാരദ എന്നീ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒട്ടും അനുയോജ്യമായവ ആയിരുന്നില്ല. എങ്കിലും കുടുങ്ങികിടന്ന 9 മത്സ്യതൊഴിലാളികളെ രക്ഷിക്കാന്‍ ഇതുപയോഗിച്ച് സാധിച്ചിരുന്നു. ഡിസംബര്‍ ഒന്നാം തിയതി എഎല്‍എച്ച് ഡൈവര്‍ വര്‍മ്മ രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് ചാടി. മത്സ്യതൊഴിലാളിയെ രക്ഷിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് സ്വയം പരിക്കേറ്റു. എങ്കിലും അദ്ദേഹം തന്റെ പരവര്‍ത്തനം ഉപേക്ഷിച്ചില്ല. സ്വയം തളര്‍ന്ന് വീഴുന്നതിന് മുമ്പ് അദ്ദേഹം മത്സ്യതൊഴിലാളിയെ സുരക്ഷിതമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ തീരത്തെത്തിച്ചവരില്‍ പലരും വളരെ അവശരായിരുന്നു. തിരുവനന്തപുരം നേവല്‍ ബേസിലെ  നേവല്‍ ക്ലിനിക്കില്‍ നിന്ന് ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ അവശരായവരെ ഇവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. 

ഇനിയും എത്രപേര്‍?

എന്നാല്‍ കൂടുതല്‍ ആളുകള്‍ കാണാതായിട്ടുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെയും കേരളത്തിലെയും മത്സ്യതൊഴിലാളികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടാം തിയതിയോടെ കൂടുതല്‍ കപ്പലുകളും എയര്‍ക്രാഫ്റ്റുകളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചു. ഡിസംബര്‍ രണ്ടുവരെ തീരസേന മാത്രം രക്ഷിച്ചത് 87പേരെയാണ്. ഇന്ത്യന്‍ നേവി 65പേരെ രക്ഷിച്ചപ്പോള്‍ വ്യോമസേനയ്ക്ക് രക്ഷിക്കാന്‍ കഴിഞ്ഞത് 9പേരെയാണ്. സ്വകാര്യ കമ്പനികളുടെ ബോട്ടുകളും സുരക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. 28പേരെയാണ് ഇവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞത്. ഡിസംബര്‍ 3ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 1,154 മത്സ്യതൊഴിലാളികള്‍ അടങ്ങുന്ന 89 ബോട്ടുകളാണ് കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ അഭയം കണ്ടെത്തിയിട്ടുള്ളത്. 357പേരെ കടലില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ഓഖി വിതച്ച നാശം എത്രപേരുടെ ജീവനെടുത്തെന്ന് ഇപ്പോഴും വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com