ബോളിവുഡ് ഇതിഹാസം ശശി കപൂര്‍ വിട വാങ്ങി

വാര്‍ദ്ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ
ബോളിവുഡ് ഇതിഹാസം ശശി കപൂര്‍ വിട വാങ്ങി

മുംബൈ: ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.1940കളില്‍ തന്നെ ബാലതാരമായി ശശി കപൂര്‍ അഭിനയജീവിതം ആരംഭിച്ചു. 1961ല്‍ യാഷ് ചോപ്ര സംവിധാനം ചെയ്ത ധരംപുത്ര് എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ചു.1960 മുതല്‍ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറി ശശി കപൂര്‍. നൂറിലധികം ചിത്രങ്ങളില്‍അഭിനയിച്ച ശശി കപൂര്‍ ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടു

1938 മാര്‍ച്ച് 18നാണ് ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശി കപൂര്‍ ജനിച്ചത്. ബോളിവുഡ് താരങ്ങളായിരുന്ന രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളും കരണ്‍ കപൂര്‍, കുണാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളുമാണ്.അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ദീവാര്‍, ദോ ഓര്‍ ദോ പാഞ്ച്, നമക് ഹലാല്‍ എന്നീ ചിത്രങ്ങളാണ് ശശി കപൂറിന് ബോളിവുഡില്‍ ഗ്രിപ്പ് നല്‍കിയത്.

1980ല്‍ ശശി കപൂര്‍ സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങി. ഫിലിം വാലാസ് എന്ന ഈ നിര്‍മ്മാണ കമ്പനി, പല വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1998 ല്‍ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.1958ല്‍ ബ്രിട്ടീഷ് നടി ജെന്നിഫര്‍ കെന്‍ഡലിനെ വിവാഹം ചെയ്തു. ഇവര്‍ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളില്‍ അഭിനയിരുന്നു. 1984ല്‍ ജെന്നിഫര്‍ കെന്‍ഡല്‍ ക്യാന്‍സര്‍ മൂലം മരണമടഞ്ഞു.

1948ല്‍ ആഗിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മൂന്നു തവണ പ്രധാന നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1979ല്‍ ജുനൂന്‍ എന്ന ചിത്രത്തിന് മികച്ച നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ലഭിച്ചു.2011ലെ പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2014 ലെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com