സൂറത്ത് റാലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഞ്ചുകോടി രൂപ വാഗ്ദാനം  ലഭിച്ചെന്ന് ഹര്‍ദിക് പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് പട്ടേല്‍ പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്
സൂറത്ത് റാലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഞ്ചുകോടി രൂപ വാഗ്ദാനം  ലഭിച്ചെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: സൂറത്ത് റാലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരു ബിസിനസ്സുകാരന്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി പട്ടിദാര്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലിന്റെ വെളിപ്പെടുത്തല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് പട്ടേല്‍ പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം സൂറത്ത് റാലിയില്‍ പങ്കെടുത്തു തന്നെയാണ് ഹര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേലും അനുയായികളും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച സൂറത്തില്‍ സംഘടിപ്പിച്ച  റാലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം എന്ന് ഹര്‍ദിക് പട്ടേല്‍ വെളിപ്പെടുത്തി. ഫോണില്‍ വിളിച്ച ബിസിനസുകാരന്‍ അഞ്ചുകോടി രൂപയാണ് വാഗ്്ദാനം ചെയ്തത്. അവര്‍ തങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത് . എന്നാല്‍ ഇത്തവണ തങ്ങളുടെ ഐക്യമെന്താണ് എന്ന് അവരെ കാണിക്കുമെന്നും ബിജെപിയെ പരോക്ഷമായി പരാമര്‍ശിച്ച് ഹര്‍ദിക് പട്ടേല്‍ വെല്ലുവിളിച്ചു.

സൂറത്ത് റാലിയോടനുബന്ധിച്ച് ഹര്‍ദിക് പട്ടേല്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ 13 ലക്ഷം ജനങ്ങളാണ് പങ്കെടുത്തത്. ബിജെപിയ്ക്ക് വോട്ടു ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിച്ച ഹര്‍ദിക് പട്ടേല്‍ സ്വതന്ത്രര്‍, എഎപി, എന്‍സിപി എന്നിവരുടെ കെണിയില്‍ അകപ്പെടരുതെന്നും മുന്നറിയിപ്പ് നല്‍കി. ബിജെപിയോട് തങ്ങള്‍ക്ക് ഒരു വ്യക്തിവിരോധവുമില്ല. എന്നാല്‍ പട്ടിദാര്‍ പ്രക്ഷോഭത്തെ ബിജെപി എങ്ങനെയാണ് നേരിട്ടത് എന്ന് മറന്നുപോകരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com