രാഹുല്‍ കടുത്ത എതിരാളി; മോദിക്ക് ഇത് സമ്മതിക്കേണ്ടിവന്നെന്ന് ശിവസേന 

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വീണ്ടും പ്രതിരോധത്തിലാക്കി ശിവസേന 
രാഹുല്‍ കടുത്ത എതിരാളി; മോദിക്ക് ഇത് സമ്മതിക്കേണ്ടിവന്നെന്ന് ശിവസേന 

അഹമ്മദാബാദ്:  ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കേ, ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീണ്ടും കടന്നാക്രമിച്ച് ശിവസേന. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് തന്റെ മുഖ്യ എതിരാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചറിഞ്ഞതായി ശിവസേന വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും, ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ബിജെപിയുടെ ഏറ്റവും വലിയ കരുത്തെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഈ നിലയില്‍ പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലുടെയാണ് ശിവസേന വിമര്‍ശനം നടത്തിയത്. 

നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പപ്പു എന്ന പദപ്രയോഗത്തിലുടെ പരിഹസിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇന്ന് ആരാലും അവഗണിക്കാന്‍ കഴിയാത്ത നേതാവായി ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി രാഹുല്‍ ഗാന്ധിയുടെ ഓരോ ചലനവും ഉറ്റുനോക്കുകയാണെന്നും ശിവസേന വ്യക്തമാക്കി

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പാര്‍ട്ടികള്‍ തമ്മിലുളള പോരാട്ടം സര്‍വ്വസാധാരണമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ തന്നെ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ രാജ്യത്ത് സംജാതമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയെന്നും സാമ്‌നയിലുടെ ശിവസേന ഓര്‍മ്മപ്പെടുത്തുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേയ്ക്ക് കടന്നുവരുന്നതിനെ ബിജെപി എതിര്‍ക്കുകയാണ്. ഔറംഗസേബ് രാജ് എന്ന പേരെല്ലാം നല്‍കിയാണ് ബിജെപിയുടെ വിമര്‍ശനം. രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയും ബിജെപി പരിഹസിക്കുന്നു. ഈ നിലയിലുളള പ്രചരണങ്ങള്‍ ഒഴിവാക്കാന്‍ ബിജെപി തയ്യാറാകണം. പകരം ഹൈന്ദവ ശക്തികളുടെ വിജയമായി പരിഗണിച്ച് രാഹുലിന്റെ ക്ഷേത്രദര്‍ശനത്തെ  സ്വാഗതം ചെയ്യുകയാണ് ബിജെപി ചെയ്യേണ്ടത്.  ആര്‍എസ്എസ് രാഹുലിനെ അഭിനന്ദിക്കാന്‍ മുന്നോട്ടുവരണമെന്നും ശിവസേന ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com