വാക്‌സിനേഷന്‍ മരണത്തിന് കാരണമാകുമെന്ന് ആര്‍എസ്എസ്;  എച്ച്പിവി വാക്‌സിനെതിരേ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ക്യാന്‍സറിന് എതിരെയുള്ള പ്യുമന്‍ പാപ്പില്ലോമ വൈറസ് വാക്‌സിനേഷന്‍ മരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് ആര്‍എസ്എസിന്റെ കീഴിലുള്ള സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിക്ക് കത്തു നല്‍കി
വാക്‌സിനേഷന്‍ മരണത്തിന് കാരണമാകുമെന്ന് ആര്‍എസ്എസ്;  എച്ച്പിവി വാക്‌സിനെതിരേ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: ഗര്‍ഭാശയ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷനെതിരേ ആര്‍എസ്എസ് രംഗത്ത്. ക്യാന്‍സറിന് എതിരെയുള്ള പ്യുമന്‍ പാപ്പില്ലോമ വൈറസ് വാക്‌സിനേഷന്‍ മരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് ആര്‍എസ്എസിന്റെ കീഴിലുള്ള സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) പ്രധാനമന്ത്രിക്ക് കത്തു നല്‍കി. യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഇത് നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് എസ്‌ജെഎം ആവശ്യപ്പെടുന്നത്. 

ഗര്‍ഭാശയ ക്യാന്‍സറിനെതിരേ വാക്‌സിനേഷന്‍ എടുക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുമെന്നും ഇത്തരത്തിലുള്ളവ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ വാക്‌സിനേഷന്‍ പ്രോഗ്രാമിനോടുള്ള വിശ്വാസം തകരാന്‍ കാരണമാകുമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോ- കണ്‍വീനര്‍ അശ്വനി മഹാരാജ് പറഞ്ഞു. 

ഇന്ത്യയില്‍ ഹ്യുമന്‍ പാപിലോമ വൈറസ് (എച്ച്പിവി) വാക്‌സിന്‍ കൊണ്ടുവരാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് രാജ്യത്തിന്റെ ശാസ്ത്രീയ മേഖലകളെ അപകീര്‍ത്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമാണ് വാക്‌സിനേഷന് പണം മുടക്കുന്നത്. 

യുഐപിയിലേക്ക് എച്ച്പിവിയെ ഉള്‍പ്പെടുത്തണമെന്ന് നാഷണല്‍ ടെക്‌നോളജിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുണൈസേഷന്‍ (എന്‍ടിഎജിഐ) സബ്ഗ്രൂപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആര്‍എസ്എസ് രംഗത്തെത്തിയത്. എന്‍ടിഎജിഐയുടെ അടുത്ത മീറ്റിംഗില്‍ ഇതിനെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എച്ച്പിവിയുമായി ബന്ധപ്പെട്ടാണ് 80 ശതമാനത്തിന് മുകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ വരുന്നത്. നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്ററി പുറത്ത് വിട്ട വിവരം അനുസരിച്ച് 2013 ല്‍ 92,731 സെര്‍വിക്കല്‍ ക്യാന്‍സറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ല്‍ ഇത് 1,00,479 ആയി വര്‍ധിക്കുമെന്നാണ് പറയുന്നത്. 

രാജ്യത്ത് വാക്‌സിനേഷന്‍ നടപ്പാക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് എസ്‌ജെഎം പറയുന്നത്. അനുവാദം കൂടാതെ വാക്‌സിനേഷന്‍ പരീക്ഷിച്ചത് ആന്ധ്രപ്രദേശിലെ ആദിവാസി പെണ്‍കുട്ടികളുടെ മരണത്തിന് കാരണമായെന്നും സ്വദേശി ജാഗരണ്‍ മഞ്ച് ആരോപിച്ചു. 

എച്ച്പിവി വാക്‌സിനേഷന്‍ നടത്താനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലൈംഗിക പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പായി കൗമാര പ്രായത്തിലെത്തിയ പെണ്‍കുട്ടികളില്‍ കുത്തിവെപ്പെടുക്കാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പിന്തുണയോടെ ആടുത്തിടെയാണ് പഞ്ചാബ് ഗവണ്‍മെന്റ് വാക്‌സിനേഷന്‍ ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com