ഗുജറാത്ത് തെരഞ്ഞെടുപ്പ് : പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കപില്‍ സിബലിനെ കോണ്‍ഗ്രസ് വിലക്കിയതായി സൂചന

അയോധ്യ തര്‍ക്ക കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിവാദത്തിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. 
ഗുജറാത്ത് തെരഞ്ഞെടുപ്പ് : പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കപില്‍ സിബലിനെ കോണ്‍ഗ്രസ് വിലക്കിയതായി സൂചന

ന്യൂഡല്‍ഹി: രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്ക കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിവാദത്തിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കപില്‍ സിബലിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അയോധ്യ തര്‍ക്ക കേസില്‍ സുപ്രീംകോടതി വാദം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ നീട്ടിവെയ്ക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം ബിജെപി ആയുധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ എന്നാണ് സൂചന. അല്ലാത്തപക്ഷം കപില്‍ സിബലിന്റെ സാന്നിധ്യം പ്രചരണായുധമാക്കി ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇത് പ്രചാരണരംഗത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സൃഷ്ടിച്ച മേല്‍ക്കൈ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നു.  കപില്‍ സിബലിന്റെ പരാമര്‍ശം വര്‍ഗീയ ധുവ്രീകരണത്തിന് ബിജെപി ഉപയോഗിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് കപില്‍ സിബലിനോട് പ്രചരണ രംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കപില്‍ സിബലിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. രാമ ജന്മഭൂമി വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്ന തരത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് മോദി പ്രചാരണത്തിനിടെ അഴിച്ചുവിട്ടത്. അയോധ്യകേസില്‍ വാദിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ കേസ് നീട്ടിവെയ്ക്കാന്‍ പറയാന്‍ കപില്‍ സിബലിന് അവകാശമുണ്ടോ എന്ന നിലയില്‍ മോദി നിരവധി ചോദ്യങ്ങളും ഉന്നയിച്ചു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ കപില്‍ സിബലിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി ആയുധമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com