മോദിയുടെത് മര്യാദ കെട്ട പെരുമാറ്റം;ഈ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്തിനെന്ന് മണിശങ്കര്‍ അയ്യര്‍

അംബേദ്ക്കറിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിലുടെ മോദിയുടെ സങ്കുചിത ചിന്താഗതിയാണ് വെളിവാകുന്നതെന്ന് മണിശങ്കര്‍ അയ്യര്‍
മോദിയുടെത് മര്യാദ കെട്ട പെരുമാറ്റം;ഈ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്തിനെന്ന് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ഔറംഗസേബ് പരാമര്‍ശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യറും വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇത്തവണ ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായിരുന്ന അംബേദ്ക്കറിനെ ചൊല്ലിയാണ് ഇരുവരും വാഗ്വാദത്തിലേര്‍പ്പെട്ടത്. രാജ്യനിര്‍മ്മിതിക്ക് അംബേദ്ക്കര്‍ നല്‍കിയ സംഭാവനകളെ കോണ്‍ഗ്രസ് മാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. ഇതിന് പിന്നാലെ മോദിയെ വിമര്‍ശിച്ച് മണിശങ്കര്‍ അയ്യര്‍ രംഗത്തുവന്നതോടെയാണ് വീണ്ടും ഇരുവരും തമ്മിലുളള വാക്ക്‌പോരിന് കളമൊരുങ്ങിയത്. അംബേദ്ക്കറിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിലുടെ മോദിയുടെ സങ്കുചിത ചിന്താഗതിയാണ് വെളിവാകുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ തുറന്നടിച്ചു. മര്യാദക്കെട്ട പെരുമാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് മോദിയുടെ പ്രതികരണം. ഇത്തരത്തിലുളള വ്യത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നതിന്റെ ആവശ്യകത എന്തിനെന്നും മണിശങ്കര്‍ അയ്യര്‍ ചോദിച്ചു.

ന്യൂഡല്‍ഹിയില്‍ അംബേദ്ക്കറിനോടുളള ആദരസൂചകമായി നിര്‍മ്മിച്ച അംബേദ്ക്കര്‍ രാജ്യാന്തര സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചത്. 23 വര്‍ഷം മുന്‍പാണ് അംബേദ്ക്കറിനോടുളള ആദരസൂചകമായി ഒരു രാജ്യാന്തര സെന്റര്‍ നിര്‍മ്മിക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. അംബേദ്ക്കറിന്റെ പേരു പറഞ്ഞ് വോട്ടു ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പോലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി മുടങ്ങിക്കിടക്കുകയാണ് എന്ന കാര്യം അറിഞ്ഞില്ല. ബിജെപി അധികാരത്തില്‍ വന്നശേഷമാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കിയത് എന്നും നരേന്ദ്രമോദി പറഞ്ഞു. ഇത്തരത്തില്‍ രാജ്യ നിര്‍മ്മിതിയ്ക്ക് വേണ്ടി ത്യാഗം ചെയ്ത അംബേദ്ക്കറിന്റെ സംഭാവനകളെയും തത്ത്വശാസ്ത്രത്തെയും മായ്ച്ചുകളയാനാണ് ചിലര്‍ ശ്രമം നടത്തിയത് എന്നും കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.എന്നാാല്‍ അംബേദ്ക്കര്‍ ബാക്കിവെച്ച ആശയങ്ങള്‍ ജനമനസ്സുകളില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നതായും മോദി ഓര്‍മ്മിപ്പിച്ചു.

ഇതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് മണിശങ്കര്‍ അയ്യര്‍ രംഗത്തുവന്നത്. അംബേദ്ക്കറുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. അങ്ങനെയിരിക്കേ വ്യത്തിക്കെട്ട രാഷ്ട്രീയത്തിന്റെ പേരില്‍ മോദി നെഹ്‌റു കുടുംബത്തെ വിമര്‍ശിക്കരുത് എന്ന് മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി.  ഇത് മോദിയുടെ സങ്കുചിത രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്നും മണിശങ്കര്‍ അയ്യര്‍ ചൂണ്ടികാട്ടി.
കഴിഞ്ഞ ദിവസം ഔറംഗസേബ് രാജ് എന്ന പരാമര്‍ശത്തിന്റെ പേരില്‍ ഇരുവരും കൊമ്പുകോര്‍ത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com