യശ്വന്ത് സിന്‍ഹയുടെ സമരം അപായമണിയാണ്, ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

മഹാരാഷ്ട്രയില്‍ ബിജെപിയുമായി അധികാരം പങ്കിടുന്ന ശിവസേന യശ്വന്ത് സിന്‍ഹയുടെ സമരത്തെ ആധാരമാക്കിയാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്
യശ്വന്ത് സിന്‍ഹയുടെ സമരം അപായമണിയാണ്, ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

മുംബൈ: നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന എന്‍ഡിഎ ഘടകക്ഷി യായ ശിവസേന, കര്‍ഷകപ്രശ്‌നത്തിലും ബിജെപിയെ വെട്ടിലാക്കി വീണ്ടും രംഗത്ത്. മഹാരാഷ്ട്രയില്‍ ബിജെപിയുമായി അധികാരം പങ്കിടുന്ന ശിവസേന യശ്വന്ത് സിന്‍ഹയുടെ സമരത്തെ ആധാരമാക്കിയാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. വിദര്‍ഭയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹ പ്രക്ഷോഭം നടത്തിയത്. ഇതിന് പിന്നാലെയാണ് കര്‍ഷക പ്രശ്്‌നങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്ന ആപല്‍സൂചനയുമായി ശിവസേന മുന്നോട്ടുവന്നിരിക്കുന്നത്.

കഴിഞ്ഞദിവസം കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പിന്മേല്‍ യശ്വന്ത് സിന്‍ഹ മൂന്നുദിവസം നീണ്ടുനിന്ന സമരം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷകരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെ യശ്വന്ത്് സിന്‍ഹയുമായി ഫോണില്‍ സംഭാഷണം നടത്തി. ഇതിന് തുടര്‍ച്ചയായാണ് മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി ശിവസേന രംഗത്തുവന്നത്.

കര്‍ഷരുടെ ജീവനും സ്വത്തിനുമാണ് വില കല്‍പ്പിക്കുന്നത്. അതിന്റെ പേരില്‍ അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക തങ്ങള്‍ക്കില്ലെന്ന് പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലുടെ ശിവസേന വ്യക്തമാക്കി. കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായും ലേഖനത്തിലുടെ ശിവസേന അറിയിച്ചു.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്് യശ്വന്ത് സിന്‍ഹ നടത്തിയ സമരത്തിന് കര്‍ഷകര്‍ തന്നെ പിന്തുണയുമായി രംഗത്തുവന്നതിനെ ഗൗരവമായി കാണേണ്ടതുണ്ട്. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിനുളള ഉചിതമായ സമയമായി കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ശിവസേനയുടെ സമ്മര്‍ദഫലമായാണ് കര്‍ഷകരുടെ കടം എഴുതിത്തളളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍പ് പരസ്യത്തിന് കോടികള്‍ ചെലവഴിക്കാനാണ് ബിജെപി തയ്യാറായത്.അയോധ്യയില്‍ രാമക്ഷേത്രം പണിയും എന്ന പോലെ കാര്‍ഷിക കടം എഴുതിതളളലും പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണെന്ന് ശിവസേന ഓര്‍മ്മിപ്പിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ശിവസേന ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com