മോദിയെ നീക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടയാളാണ് മണിശങ്കര്‍ അയ്യര്‍: കടന്നാക്രമിച്ച് പ്രധാനമന്ത്രി 

പാക്കിസ്ഥാനിലെത്തിയ മണിശങ്കര്‍ അയ്യര്‍ തന്നെ നീക്കം ചെയ്യണമെന്ന് അവിടെവെച്ച്  പറയാനുളള കാരണമെന്തെന്ന് നരേന്ദ്രമോദി
മോദിയെ നീക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടയാളാണ് മണിശങ്കര്‍ അയ്യര്‍: കടന്നാക്രമിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് നരേന്ദ്രമോദി.മോദിയെ കീഴാളനോട് ഉപമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മണിശങ്കര്‍ അയ്യറെ വെറുതെ വിടാന്‍ ഒരുക്കമല്ലെന്ന നിലയില്‍ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നത്. 

ഇന്ത്യന്‍ പ്രധാനമന്ത്രിയായി താന്‍ സ്ഥാനമേറ്റതിന് പിന്നാലെയുളള മണിശങ്കര്‍ അയ്യറുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം ചൂണ്ടികാട്ടിയാണ് മോദിയുടെ പുതിയ വിമര്‍ശനം. പാക്കിസ്ഥാനിലെത്തിയ മണിശങ്കര്‍ അയ്യര്‍ തന്നെ നീക്കം ചെയ്യണമെന്ന് അവിടെവെച്ച്  പറയാനുളള കാരണമെന്തെന്ന് നരേന്ദ്രമോദി ചോദിച്ചു. 'തന്നെ നീക്കിയാല്‍ ഇന്ത്യ പാക്കിസ്ഥാന്‍ സമാധാന ചര്‍ച്ചയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം'  ഇത്തരത്തിലുളള മണിശങ്കര്‍ അയ്യറുടെ പരാമര്‍ശങ്ങള്‍ ചൂണ്ടികാണിച്ചാണ് മോദി തുറന്നടിച്ചത്.  ഇതിനുമാത്രം എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്നും മോദി ചോദിക്കുന്നു. 'ജനങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങിയതാണോ പ്രശ്‌നം' ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തി്‌ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി മണിശങ്കര്‍ അയ്യറെ വീണ്ടും വെട്ടിലാക്കിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് മോദി മണിശങ്കര്‍ അയ്യര്‍ക്ക് എതിരെ കടന്നാക്രമണം നടത്തിയത്.

നവംബര്‍ 2015 ല്‍ പാക്കിസ്ഥാനില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് മണിശങ്കര്‍ അയ്യര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും സുപ്രധാനമായ കാര്യം മോദിയെ നീക്കം ചെയ്യുക എന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യ പാക്കിസ്ഥാന്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുകയുളളുവെന്ന് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചതായാണ് പിടിഐയുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് വരെ കാത്തിരിക്കാന്‍ പാക്കിസ്ഥാനോട് മണിശങ്കര്‍ അയ്യര്‍ പരോക്ഷമായി ഉപദേശിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com