ബ്ലൂവെയ്‌ലിനേക്കാള്‍ മാരക ഗെയിം : അമ്മയെയും സഹോദരിയെയും തലയ്ക്കടിച്ചുകൊന്ന 15 കാരന്‍ പിടിയില്‍

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കൗമാരക്കാരനെ വാരണസിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്
ബ്ലൂവെയ്‌ലിനേക്കാള്‍ മാരക ഗെയിം : അമ്മയെയും സഹോദരിയെയും തലയ്ക്കടിച്ചുകൊന്ന 15 കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി : ബ്ലൂവെയ്ല്‍ ഗെയിമിനേക്കാള്‍ അപകടകരമായ മറ്റൊരു ഗെയിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ഗ്യാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ എന്ന ഈ ഗെയിമിന് അടിമയായ പതിനഞ്ചുകാരന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍(42 വയസ്സ്), മകള്‍ മണികര്‍ണിക(11 വയസ്സ് ) എന്നിവരെ ഫഌറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ഇതിനുശേഷം കാണാതായ അഞ്ജലിയുടെ പതിനഞ്ചുകാരനായ മകനെ വാരാണസിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് ഇയാള്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫഌറ്റിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. രാത്രി 11.30 ഓടെ ഇയാള്‍ തിരിച്ച് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചത്. 

വീടിനുള്ളില്‍ കവര്‍ച്ചയോ പിടിവലിയോ നടന്നതിന്റെ ലക്ഷണമൊന്നും കണ്ടിരുന്നില്ലെന്ന് നൊയിഡ പൊലീസ് സൂപ്രണ്ട് ലവ് കുമാര്‍ വ്യക്തമാക്കിയിരുന്നു. തലയ്ക്ക് ഏറ്റ മാരക അടിയും മറ്റ് മുറിവുകളുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി, ഗ്യാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ എന്ന മാരക ഗെയിമിന് അടിമയായിരുന്നു എന്ന വിവരം അച്ഛന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടി, പഠനത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. കൂടുതല്‍ സമയവും ഫോണില്‍ ഗ്യാംഗ്സ്റ്റര്‍ ഗെയിം കളിക്കാനായിരുന്നു കുട്ടി താല്‍പ്പര്യപ്പെട്ടിരുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസിനോട് വ്യക്തമാക്കി. 

സഹോദരന്റെ ഗെയിമിനോടുള്ള  അമിത താല്‍പ്പര്യം സഹോദരി മണികര്‍ണിക അമ്മ അഞ്ജലിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ജലി കുട്ടിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അഞ്ജലിയുടെ തലയില്‍ അടിയേറ്റ ഏഴു മുറിവുകളും മണികര്‍ണികയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ അടുത്തുനിന്നും രക്തംപുരണ്ട കത്രിക ലഭിച്ചിരുന്നു. കുട്ടിയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ വീട്ടിലെ കുളിമുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. കൂടാതെ ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com