മുത്തലാഖ്, ഹലാല, ഖില്‍ജി സര്‍വകലാശാലയുടെ ചോദ്യപേപ്പറില്‍; പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

ചോദ്യപേപ്പറിലുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു
മുത്തലാഖ്, ഹലാല, ഖില്‍ജി സര്‍വകലാശാലയുടെ ചോദ്യപേപ്പറില്‍; പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി :  മുത്തലാഖ്, അലാവുദ്ദീന്‍ ഖില്‍ജി, ഹലാല തുടങ്ങിയ വിവാദ വിഷയങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഇത്തവണ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറിലുടെയാണ് എന്ന് മാത്രം.  വിവാദവിഷയങ്ങളായ മുത്തലാഖ്, അലാവുദ്ദീന്‍ ഖില്‍ജി, ഹലാല എന്നിവ എംഎ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇടംപിടിച്ചതായി ആരോപിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചോദ്യപേപ്പറിലുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. 

എംഎ ഹിസ്റ്ററി സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പറിലാണ് വിവാദ വിഷയങ്ങള്‍ ഇടംപിടിച്ചത്. ഇസ്ലാം മതത്തില്‍ ഹലാല എന്നാല്‍ എന്താണ് , അലാവുദ്ദീന്‍ ഖില്‍ജി ഗോതമ്പിന്റെ നിരക്കായി നിശ്ചയിച്ചത് എത്രയാണ് , മുത്തലാഖ് എന്താണ് ഇത്തരത്തിലുളള ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഇടംപിടിച്ചെന്ന് ചൂണ്ടികാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. 

മധ്യകാല ഇന്ത്യന്‍ ചരിത്രത്തിലെ പഠനഭാഗങ്ങളാണ് ഇവയെന്ന് അസിസ്റ്റന്റ് പ്രൊഫസ്സര്‍ രാജീവ് ശ്രീവാസ്ത പറഞ്ഞു. ചരിത്രം ഏറെ വളച്ചൊടിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ചരിത്രം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും രാജീവ് ശ്രീവാസ്തവ പറഞ്ഞു. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ശൈശവ വിവാഹം, സതി എന്നിവയെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് ഇത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും ശ്രീവാസ്തവ കുറ്റപ്പെടുത്തി. 

നേരത്തെയും സമാനമായ നിലയില്‍ ബനാറസ് സര്‍വകലാശാല വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൗടിലന്റെ അര്‍ത്ഥശാസ്ത്രയില്‍ പറയുന്ന ചരക്കുസേവനനികുതിയുടെ സ്വഭാവം എന്തായിരുന്നു എന്ന ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com