സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഉത്തരവിടാന്‍ മന്‍മോഹന്‍സിങ് എന്തുകൊണ്ട് ധൈര്യം കാണിച്ചില്ല?: ചോദ്യവുമായി നരേന്ദ്രമോദി 

മിന്നലാക്രമണം നടത്താന്‍ സേന തയ്യാറാണെന്ന് അറിയിച്ചിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്തുകൊണ്ട് ഉത്തരവിടാനുളള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രമോദി
MODI-MANMOHAN
MODI-MANMOHAN

വഡോദര: മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്തുകൊണ്ട് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണം നടത്താന്‍ സേന തയ്യാറാണെന്ന് അറിയിച്ചിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്തുകൊണ്ട് ഉത്തരവിടാനുളള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രമോദി ചോദിച്ചു. ബിജെപിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ , വഡോദരയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ മിന്നലാക്രമണം നടത്താനുളള പദ്ധതിയുമായി വ്യോമസേന മന്‍മോഹന്‍സിങിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ആരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ പദ്ധതി നിരാകരിച്ചത് എന്ന് മന്‍മോഹന്‍സിങ് തുറന്നുപറയണമെന്നും മോദി വെല്ലുവിളിച്ചു. മിന്നലാക്രമണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നരേന്ദ്രമോദി വിമര്‍ശിച്ചു. രഹസ്യസ്വഭാവമുളള കാര്യങ്ങള്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് രാഹുലിന് മോദി മറുപടി നല്‍കിയത്. ഇതാണ് യുപിഎ സര്‍ക്കാരും തങ്ങളുടെ എന്‍ഡിഎ സര്‍ക്കാരും തമ്മിലുളള വ്യത്യാസമെന്നും മോദി ചൂണ്ടിക്കാട്ടി.

ഉറിഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത് തങ്ങളുടെ സര്‍ക്കാരാണ്. പാക്കിസ്ഥാനില്‍ വ്യാപകമായ നാശം വിതച്ച  മിന്നലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്റെ പോലും ജീവന്‍ നഷ്ടപ്പെടാതായാണ് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും മോദി ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com