അഴിമതിക്കാര്യത്തില്‍ മോദിയുടെ മിണ്ടാട്ടം മുട്ടിയോ ? ജയ് ഷാ, റാഫേല്‍ വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി 

ജയ് ഷായുടെ അനധികൃത സ്വത്ത് വിവരവും, റാഫേല്‍ കരാറിന് പിന്നിലെ വസ്തുതകളും പുറത്തുവന്നതോടെയാണ് മോദിയുടെ മിണ്ടാട്ടം മുട്ടിയത്
അഴിമതിക്കാര്യത്തില്‍ മോദിയുടെ മിണ്ടാട്ടം മുട്ടിയോ ? ജയ് ഷാ, റാഫേല്‍ വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി 

അഹമ്മദാബാദ് : അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് ഇപ്പോള്‍ അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അനധികൃത സ്വത്ത് വിവരവും, റാഫേല്‍ കരാറിന് പിന്നിലെ വസ്തുതകളും പുറത്തുവന്നതോടെയാണ് മോദിയുടെ മിണ്ടാട്ടം മുട്ടിയത്. ഇപ്പോള്‍ അഴിമതി എന്ന വാക്കുപോലും നരേന്ദ്രമോദി പറയുന്നില്ലെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചത്. 

എല്ലാ വര്‍ഷവും നവംബറില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നടക്കാറുള്ളതാണ്. എന്നാല്‍ ജയ്ഷായുടെയും, റാഫേല്‍ കരാറും ഉന്നയിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് ശീതകാല സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കാതിരുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപി റാലികളില്‍ നരേന്ദ്രമോദി കര്‍ഷകരെക്കുറിച്ചും അഴിമതിയെക്കുറിച്ചും യാതൊന്നും പറയുന്നില്ല. ഇത് ഏറെ ആശ്ചര്യകരമാണ്. വന്‍കിട വ്യവസായികള്‍ക്ക് ആറുലക്ഷം കോടി നല്‍കിയപ്പോള്‍, ചെറുകിട വ്യാപാരികളെ അവഗണിക്കുകയാണ് ചെയ്തത്. ചെറുകിട വ്യവസായികള്‍ക്ക് മേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. 

കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയിരുന്നു. അതേസമയം മോദി രണ്ടു കോടിയോളം ഇന്ത്യക്കാരെ തെറ്റായ തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ 22 വര്‍ഷം നരേന്ദ്രമോദിയും ഇപ്പോള്‍ വിജയ് രൂപാണിയും ഗുജറാത്തില്‍ ഒരു പക്ഷത്തിന് വേണ്ടിയുള്ള വികസനം മാത്രമാണ് നടപ്പാക്കിയത്. ഏതാനും പേര്‍ക്ക് മാത്രമായിരുന്നു അതിന്റെ ഗുണം ലഭിച്ചിരുന്നത്. എല്ലാവര്‍ക്കും ഗുണം ലഭിക്കണമെന്ന് ബിജെപി സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ല. കര്‍ഷകരും പട്ടീദാര്‍ സമുദായവും അടക്കമുള്ള സമുദായങ്ങളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ ബിജെപി ഇപ്പോള്‍ ഖേദിച്ചിട്ട് കാര്യമില്ല. 

ബിജെപി വന്‍കിട വ്യവസായികള്‍ക്ക് വേണ്ടിയുള്ള വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, എല്ലാവിഭാഗത്തിനും ഗുണം ലഭിക്കുന്ന വികസനമാണ് താന്‍ എപ്പോഴും മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാകട്ടെ എന്നാണ്. വികസനം അടക്കം എന്തുകാര്യത്തിലും ഗുജറാത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടശേഷമാകും കോണ്‍ഗ്രസ് തീരുമാനം എടുക്കുക. അല്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. 

നരേന്ദ്രമോദിയെക്കുറിച്ച് മണിശങ്കര്‍ അയ്യര്‍ പറഞ്ഞ പരാമര്‍ശം അംഗീകരിക്കാനാകില്ല. എന്തൊക്കെയായാലും നരേന്ദ്രമോദി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതുകൊണ്ടുതന്നെ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടുള്ളതല്ല. അതിനാലാണ് നടപടിയെടുത്തത്. അതേസമയം മന്‍മോഹന്‍സിംഗിനെക്കുറിച്ച് മോദി പറയുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മോദിയുടെ സീപ്ലെയിന്‍ യാത്രയില്‍ തെറ്റില്ല. പക്ഷെ ഗുജറാത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com