മോദി സര്‍ക്കാര്‍ ക്രിസ്ത്യന്‍ പളളികളുടെ പാതയിലോ?; ചോദ്യം ഉന്നയിച്ച് പ്രശസ്ത എഴുത്തുകാരന്‍ 

ടെലിവിഷനുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
മോദി സര്‍ക്കാര്‍ ക്രിസ്ത്യന്‍ പളളികളുടെ പാതയിലോ?; ചോദ്യം ഉന്നയിച്ച് പ്രശസ്ത എഴുത്തുകാരന്‍ 

ന്യൂഡല്‍ഹി:   ടെലിവിഷനുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഭ്രൂണഹത്യ വര്‍ധിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടികാണിച്ച് സമൂഹത്തെ പിന്നോട്ടടിക്കുന്ന തീരുമാനമാണിത് എന്ന വിമര്‍ശനമാണ് മുഖ്യമായി ഉയരുന്നത്. 

കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ സിനിമകളിലും, ന്യൂസുകളിലും വര്‍ധിക്കുന്ന അക്രമദൃശ്യങ്ങള്‍ കുട്ടികളുടെ മനോനിലയെ ബാധിക്കുന്നു എന്ന കാര്യം എന്തുകൊണ്ട് സര്‍ക്കാര്‍  ഗൗരവമായി കാണുന്നില്ലെന്ന് എഴുത്തുകാരന്‍ ദേവ്ദത്ത് പട്‌നായിക് ട്വിറ്ററിലുടെ ചോദിക്കുന്നു. ഹൈന്ദവ പുരാണങ്ങളെ അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ എഴുതി പ്രശ്‌സ്തി നേടിയ എഴുത്തുകാരനാണ് ദേവ്ദത്ത് പട്‌നായിക്. നേര്‍ത്ത ലൈംഗികചുവയോടെയുളള പരാമര്‍ശങ്ങളോട് പോലും അസഹിഷ്ണുത കാണിക്കുന്ന സമൂഹം, അക്രമദൃശ്യങ്ങളുടെ കാര്യത്തിലും യുക്തിസഹമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

അക്രമത്തെയും ബ്രഹ്മചര്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ചിലര്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് എതിരാണ്. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗിക രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനും ഗര്‍ഭനിരോധന ഉറകള്‍ സഹായകമാണ് എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു. ഇക്കൂട്ടര്‍ കത്തോലിക്ക പളളിയുടെ പാതയാണോ പിന്തുടരുന്നത് എന്ന് ബിജെപി സര്‍ക്കാര്‍ തീരുമാനത്തെ പരോക്ഷമായി പരാമര്‍ശിച്ച് ദേവ്ദത്ത് പട്‌നായിക്ക് ചോദിക്കുന്നു.  ക്രിസ്ത്യന്‍ മിഷണറീസിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ ഇത്തരത്തിലുളള നിലപാടുകള്‍ സ്വീകരിക്കുന്നത് വിരോധാഭാസമല്ലെയെന്നും അദ്ദേഹം ചോദിക്കുന്നു. 

ക്രമാതീതമായ ജനസംഖ്യയും, ഭ്രൂണഹത്യകളുടെ വര്‍ധനയും ചൂണ്ടികാണിച്ചാണ് മറ്റു ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2015ല്‍ മാത്രം 1.56 കോടി ദ്രൂണഹത്യകളാണ് രാജ്യത്ത് സംഭവിച്ചത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ചിലര്‍ ചോദ്യം ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com